തിരുവനന്തപുരം: ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യത തെളിയുന്നതായി മേജര്‍ രവി. പാക്കിസ്താനുമായി ഉടന്‍ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം യുദ്ധത്തിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇന്നലെ രാത്രി നടത്തിയ മിന്നലാക്രമണം. ആക്രമണത്തിന് പിന്നില്‍ കരസേനയായിരിക്കുമെന്നാണ് താന്‍ കരുതുന്നത്.
പാകിസ്ഥാന്‍ ആക്രമണത്തിന് മുതിരുകയാണെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിച്ചെ മതിയാകു. തീവ്രവാദികളെയാണ് നമ്മള്‍ ഇല്ലാതാക്കിയതെന്നും ഇന്നലത്തെ ആക്രമണത്തില്‍ നിന്നും അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡയരക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്ങാണ് ഇന്ത്യ അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തിയെന്നും നിരവധി ഭീകരരെ ഇല്ലാതാക്കിയെന്നും വ്യക്തമാക്കിയത്. തീവ്രവാദികളും അവരെ സഹായിക്കാന്‍ എത്തിയവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മിന്നലാക്രമണം ഇനി തുടരില്ലെന്നും വേണ്ടിവന്നാല്‍ തിരിച്ചടിക്കാന്‍ സേന സുസജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
എന്നാല്‍ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ വാദത്തെ എതിര്‍ത്ത് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും മാധ്യമശ്രദ്ധ കിട്ടാനുള്ള ഇന്ത്യയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ഐ.എസ്.പി.ആര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണമായിരുന്നില്ല ഇത്. ഇന്ത്യയുടെ വാദം തെറ്റാണെന്നും ഇവര്‍ പറയുന്നു.
ഇന്നലെ രാത്രി 2.30 ഓടെയാണ് ഇന്ത്യ അതിര്‍ത്തിയില്‍ ആക്രമണം ആരംഭിച്ചത്. അത് രാവിലെ 8 മണി വരെ തുടര്‍ന്നു. ബിംബറിലെ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു ആക്രമണമെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.