| Friday, 27th September 2024, 5:59 pm

Personal Opinion I മനം കവരും മെയ്യഴകന്‍ I

അമര്‍നാഥ് എം.

ആറ് വര്‍ഷം മുമ്പ് പ്രണയത്തിന്റെ മാജിക്കുമായി വന്ന് പ്രേക്ഷകരെ കരയിപ്പിച്ചിട്ട് പോയ സംവിധായകനാണ് പ്രേം കുമാര്‍. റാമിന്റെയും ജാനുവിന്റെയും പ്രമയവും സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആറ് വര്‍ഷത്തിന് ശേഷം ഫീല്‍ ഗുഡ് ഡ്രാമയുമായി പ്രേം കുമാര്‍ വീണ്ടും വന്നിരിക്കുകയാണ്.

തമിഴ് സംസ്‌കാരത്തിന്റെ വേരുകളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് ബന്ധങ്ങളുടെ കഥയാണ് ഇത്തവണ അദ്ദേഹം പറയുന്നത്. ജനിച്ചുവളര്‍ന്ന നാടിനോടും വീടിനോടും ഒരുരാത്രി കൊണ്ട് വിടപറയേണ്ടി വന്ന അരുള്‍മൊഴി 22 വര്‍ഷത്തിന് ശേഷം തന്റെ നാട്ടിലേക്ക് തിരികെ വരുന്നതാണ് സിനിമയുടെ കഥ.

അരുള്‍ മൊഴിയായി അരവിന്ദ് സ്വാമി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പഴയ ഓര്‍മകള്‍ വേട്ടയാടുമോ എന്ന പേടിയില്‍ ഇരുമനസ്സോടെ ഗ്രാമത്തിലേക്ക് എത്തുന്ന അരുള്‍മൊഴി മറന്നുപോയ തന്റെ സ്വത്വത്തെ തിരിച്ചറിയുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തിന് എന്തുകൊണ്ട് മെയ്യഴകന്‍ എന്ന് പേരിട്ടു എന്ന് ഏറ്റവുമൊടുവിലാണ് പ്രേക്ഷകര്‍ക്ക് മനസിലാക്കിക്കൊടുക്കുന്നത്.

മനസ്സില്ലാമനസ്സോടെ ഗ്രാമത്തിലേക്കെത്തുന്ന അരുള്‍മൊഴി പതിയെ ഓര്‍മകളുമായി കണക്ടാകുന്ന രീതി വളരെ മനോഹരമായാണ് പ്രേം കുമാര്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒന്നിക്കാന്‍ പറ്റാതെ പോയ മനോഹരമായ പ്രണയത്തെ ഒരൊറ്റ ഷോട്ടില്‍ പ്രേക്ഷകരിലേക്ക് സംവിധായകന്‍ എത്തിച്ച രീതി അതിമനോഹരമെന്നേ പറയാനാകൂ.

തമിഴ് സിനിമയെ പലരും കളിയാക്കാന്‍ ഉപയോഗിക്കുന്ന പാസത്തെ ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകന്റെയും കണ്ണ് നിറയും എന്നത് ഉറപ്പാണ്. ഇമോഷണല്‍ സീനുകളും സ്വല്പം കോമഡിയുമായി പോകുന്ന ആദ്യപകുതിയും ഫീല്‍ ഗുഡിന്റെ അങ്ങേയറ്റം കാണിച്ച രണ്ടാം പകുതിയും കൂടിയാകുമ്പോള്‍ ഈ വര്‍ഷത്തെ മികച്ച സിനിമകളുടെ പട്ടികയില്‍ മെയ്യഴകനും ഇടംപിടിച്ചു.

അരുള്‍ മൊഴിയുടെ സ്വത്വത്തെ തിരിച്ചറിയിപ്പിക്കാന്‍ എത്തുന്ന കഥാപാത്രമാണ് കാര്‍ത്തിയുടേത്. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കാര്‍ത്തി മെയ്യഴകനില്‍ കാഴ്ചവെച്ചത്. ഇമോഷണല്‍ സീനുകളും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുക എന്ന വലിയ ടാസ്‌ക് കാര്‍ത്തി വളരെ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ചെയ്ത് വെച്ചിട്ടുണ്ട്. കാര്‍ത്തി എന്ന നടന്റെ ഫിലിമോഗ്രഫിയില്‍ മുന്‍പന്തിയില്‍ തന്നെ മെയ്യഴകനെ ഉള്‍പ്പെടുത്താം.

വെറും ഫീല്‍ഗുഡ് കാഴ്ചകളില്‍ മാത്രം ഒതുക്കാതെ തമിഴ് സംസ്‌കാരത്തെ കൃത്യമായി വരച്ചിടാന്‍ മൂന്ന് മണിക്കൂറിനുള്ളില്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ചോളകാലത്തെ പോരാട്ടങ്ങളുടെ വീര്യം തമിഴ് ജനതയുടെ ഉള്ളില്‍ ഇന്നുമുണ്ടെന്നും ശ്രീലങ്കയിലെ തമിഴ് പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവരോടുള്ള ആദരവിനെപ്പറ്റിയും പറയുന്ന കാര്‍ത്തിയുടെ ഡയലോഗ് ഉള്ളില്‍ തട്ടുന്നതായിരുന്നു.

തമിഴ് ജനതയുടെ വികാരമായ ജെല്ലിക്കെട്ടിനെ ചിത്രീകരിച്ച രീതി രോമാഞ്ചമുണര്‍ത്തുന്നതായിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തെ വിമര്‍ശിച്ച രീതിയും കൈയടി അര്‍ഹിക്കുന്നതായിരുന്നു.

ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതം സിനിമയുടെ ആത്മാവായി മാറിയതുപോലെ തോന്നി. കഥ നടക്കുന്ന പശ്ചാത്തലത്തില്‍ ഗോവിന്ദ് വസന്തയുടെ സംഗീതം ഇഴുകിച്ചേര്‍ന്ന രീതി പ്രത്യേക കൈയടി അര്‍ഹിക്കുന്നതാണ്. ജെല്ലിക്കെട്ട് സീനില്‍ കൊടുത്ത ബി.ജി.എം മാസ് സിനിമകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ കമല്‍ ഹാസന്‍ പാടിയ പാട്ടുകൂടിയായപ്പോള്‍ സിനിമ അതിന്റെ പീക്കിലെത്തി. ചിത്രത്തിന്റെ ഒടുവില്‍ താനാരാണെന്നും കാര്‍ത്തിയുടെ കഥാപാത്രം ആരാണെന്നും അരുള്‍മൊഴി തിരിച്ചറിയുന്ന സീന്‍ ഉള്ളില്‍ തട്ടുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞു.

അരുള്‍മൊഴിയുടെ ചെറുപ്പം അവതരിപ്പിച്ച ശരണ്‍ ശക്തി, ഭുവനയായി എത്തിയ സ്വാതി കൊണ്ടെ എന്നിവര്‍ വളരെ ചെറിയ സ്‌ക്രീന്‍ ടൈമില്‍ പ്രേക്ഷകരുടെ ഉള്ളില്‍ വിങ്ങലുണ്ടാക്കി. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീ ദിവ്യ, ദേവദര്‍ശിനി, രാജ് കിരണ്‍, കരുണാകരന്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. മഹേന്ദ്രന്‍ ജയരാജുവിന്റെ ഛായാഗ്രഹണവും ഗോവിന്ദ് രാജിന്റെ എഡിറ്റിങ്ങും മികച്ചുനിന്നു.

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നും തമിഴ് മണമുള്ള ഗംഭീര ചിത്രമെന്ന് മെയ്യഴകനെ വിശേഷിപ്പിക്കാം. ചിത്രം കണ്ടുകഴിയുമ്പോള്‍ മെയ്യഴകന്‍ മനം കവരുമെന്ന് ഉറപ്പാണ്.

Content Highlight: Meiyazhagan movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more