| Thursday, 3rd June 2021, 7:58 am

മെഹുല്‍ ചോക്‌സിയെ തിരികെ അയക്കാന്‍ തയ്യാറാണെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍; കോടതിയില്‍ വാദം മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൊമിനിക: ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കാന്‍ തീരുമാനിച്ച് ഡൊമിനിക. ഇന്ത്യയിലേക്ക് മടക്കി അയക്കാതിരിക്കാന്‍ മെഹുല്‍ ചോക്‌സി സമര്‍പ്പിച്ച ഹരജി പരിഗണിക്കേണ്ടതില്ലെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയിലേക്ക് തിരികെ അയക്കാനാവില്ലെന്ന് കോടതിയില്‍ വാദിച്ചത്. ഡൊമിനിക്കന്‍ സര്‍ക്കാരും ഇതേ വാദമായിരുന്നു നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ഇപ്പോഴും ഇന്ത്യന്‍ പൗരനാണെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഡൊമിനിക്കന്‍ സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് ഇവരുടെ നിലപാടില്‍ മാറ്റമുണ്ടായത്.

എന്നാല്‍ കോടതിയില്‍ ഇപ്പോഴും വാദം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഡൊമിനിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ വാദം അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.

ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യത്ത് നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്‌സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലായിരുന്നു 2018 മുതല്‍ ചോക്‌സി കഴിഞ്ഞിരുന്നത്.

മേയ് അവസാന വാരത്തിലാണ് ചോക്‌സി ഡൊമിനികയില്‍ വെച്ച് പിടിയിലായത്. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്‌സി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ചോക്‌സി നടത്തിയ 14,000 കോടിയുടെ തട്ടിപ്പിന്റെ അന്വേഷണം അടുത്തിടെ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു.
കേസ് അന്വേഷിക്കുന്ന സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോക്‌സിയെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ വേഗത്തിലാക്കിയിരുന്നു. തുടര്‍ന്ന് ദ്വീപില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ചോക്‌സി. മേയ് പകുതിയോടെ ഇയാളെ ആന്റിഗ്വയില്‍ നിന്നും കാണാതായി.

ബോട്ടില്‍ മറ്റൊരു കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നും ക്യൂബയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചോക്‌സിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ ഡൊമിനിക പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ഒളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത് ചോക്‌സിക്ക് തിരിച്ചടിയാകുമെന്നും ആന്റിഗ്വയില്‍ നിന്നും ചോക്‌സിയെ വിട്ടുകിട്ടാനായി ഇന്ത്യ നല്‍കിയ ഹരജിയെ സഹായിക്കുമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരണം.

എന്നാല്‍ മെഹുല്‍ ചോക്‌സിക്ക് ആന്റിഗ്വയിലെ പൗരത്വമാണുള്ളത് എന്നതുകൊണ്ട് ഇന്ത്യയിലേക്ക് തിരികെ അയക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഡൊമിനികയുടെ നിലപാട്. പൗരനനെന്ന നിലയിലുള്ള സംരക്ഷണം ആന്റിഗ്വയില്‍ ലഭിക്കുമെന്നും അതിനാല്‍ ഡൊമിനികയില്‍ നിന്നും നേരിട്ട് ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചിരുന്നുവെന്നായിരുന്നു
ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞത്.

ഈ നിയമകുരുക്കുകള്‍ മെഹുല്‍ ചോക്‌സിയുടെ മടക്കം നീണ്ടുപോകുന്നതിന് കാരണമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഡൊമിനിക നിലപാടില്‍ മാറ്റം വരുത്തിയത് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രതീക്ഷയാകുന്നുണ്ട്. എന്നാല്‍ ആന്റിഗ്വയില്‍ നിന്നും തട്ടിക്കൊണ്ടുവന്നതാണെന്ന ചോക്‌സിയുടെ വാദം കോടതി അംഗീകരിച്ചാല്‍ ഇന്ത്യ വീണ്ടും കുരുക്കിലാവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mehul Choksi Has To Be Deported To India, Dominica Government Tells Court

We use cookies to give you the best possible experience. Learn more