| Friday, 28th May 2021, 11:04 am

ഇന്ത്യന്‍ പൗരനല്ലാത്ത മെഹുല്‍ ചോക്‌സിയെ കൈമാറാനാകില്ല; വിദേശരാജ്യങ്ങളുടെ നിലപാടില്‍ കുടുങ്ങി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൊമിനിക: ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സി ഉടന്‍ ഇന്ത്യയിലെത്തില്ല. മെഹുല്‍ ചോക്‌സിക്ക് ഇന്ത്യന്‍ പൗരത്വമില്ലാത്തതാണ് കേസിനെ സങ്കീര്‍ണ്ണമാക്കുന്നത്.

ചോക്‌സിയുടെ കാര്യത്തില്‍ ആന്റിഗ്വ ആന്റ് ബര്‍ബുഡയും ഡൊമിനിക്കയും വ്യത്യസ്ത നിലപാടുകളും സ്വീകരിച്ചിരിക്കുകയാണ്. മെഹുല്‍ ചോക്‌സി പിടിയിലായിരിക്കുന്ന ഡൊമിനിക്കയില്‍ നിന്ന് ഇയാളെ ഇന്ത്യക്ക് നേരിട്ട് കൈമാറണമെന്നാണ് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരനല്ലെന്നും അതുകൊണ്ടു തന്നെ നിലവിലെ നിയമങ്ങള്‍ പ്രകാരം ഇന്ത്യക്ക് കൈമാറാന്‍ സാധിക്കില്ലെന്നും ചോക്‌സിയുടെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ വാദിച്ചു. ഇതേതുടര്‍ന്ന് ചോക്‌സിയെ ആന്റിഗ്വയിലേക്ക് മടക്കി അയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

ആന്റിഗ്വയിലെ പൗരത്വമാണ് ചോക്‌സിക്ക് ഇപ്പോള്‍ ഉള്ളത്. പൗരനനെന്ന നിലയിലുള്ള സംരക്ഷണം ആന്റിഗ്വയില്‍ ലഭിക്കുമെന്നും അതിനാല്‍ ഡൊമിനിക്കയില്‍ നിന്നും നേരിട്ട് ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചിരുന്നതായി ഗാസ്റ്റണ്‍ ബ്രൗണ്‍ നേരത്തെ പറഞ്ഞിരുന്നു.

ഈ നിയമകുരുക്കുകള്‍ ചോക്‌സി അടുത്ത കാലത്തൊന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തില്ലെന്നുള്ള സൂചനകളാണ് നല്‍കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും വജ്ര വ്യാപാരിയുമായിരുന്ന മെഹുല്‍ ചോക്സി കഴിഞ്ഞ ദിവസമാണ് ഡൊമിനികയില്‍ വെച്ച് പിടിയിലായത്. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്സി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യത്ത് നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലായിരുന്നു 2018 മുതല്‍ ചോക്സി കഴിഞ്ഞിരുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ചോക്സി നടത്തിയ 14,000 കോടിയുടെ തട്ടിപ്പിന്റെ അന്വേഷണം അടുത്തിടെ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. ചോക്സിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കിയിരുന്നു.

കേസ് അന്വേഷിക്കുന്ന സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോക്സിയെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള നിയമനടപടികളും വേഗത്തിലാക്കിയിരുന്നു. തുടര്‍ന്ന് ദ്വീപില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ചോക്സി. ഒരാഴ്ച മുന്‍പാണ് ആന്റിഗ്വയില്‍ നിന്നും ഇയാളെ കാണാതായത്.

ബോട്ടില്‍ മറ്റൊരു കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നും ക്യൂബയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചോക്സിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ ഡൊമിനിക പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ഒളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത് ചോക്സിക്ക് തിരിച്ചടിയാകുമെന്നും ആന്റിഗ്വയില്‍ നിന്നും ചോക്സിയെ വിട്ടുകിട്ടാനായി ഇന്ത്യ നല്‍കിയ ഹരജിയെ സഹായിക്കുമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരണം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചോക്‌സി ആന്റിഗ്വയില്‍ തന്നെ തുടരാനാണ് സാധ്യതകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Mehul Choksi has no Indian Citizenship so he can’t be deported to India says countries

We use cookies to give you the best possible experience. Learn more