| Friday, 4th January 2019, 11:20 pm

മെഹുല്‍ ചോക്സിയുടെ ഫാക്ടറി കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടികളുടെ പി.എന്‍.ബി (പഞ്ചാബ് നാഷണല്‍ ബാങ്ക്) തട്ടിപ്പുകേസില്‍ മെഹുല്‍ ചോക്സിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ തുടങ്ങി.

മെഹുല്‍ ചോക്സിയുടെ 13 കോടിയിലേറെ മൂല്യം കണക്കാക്കുന്ന തായ്ലന്‍ഡിലെ ഫാക്ടറി കണ്ടുകെട്ടാന്‍ നടപടികള്‍ തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ വ്യക്തമാക്കി.

മെഹുല്‍ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനിയുടെ ഫാക്ടറിയാണ് കണ്ടുകെട്ടുന്നത്.. ഇതുസംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞെന്നും നിയമ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യംവിട്ട മെഹുല്‍ ചോക്സി വജ്രവ്യാപാരിയാണ്.


13.14 കോടി മൂല്യം കണക്കാക്കുന്നതാണ് കണ്ടുകെട്ടിയ ഫാക്ടറി. അന്വേഷണ ഏജന്‍സികള്‍ തിരയുന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്സി. 13,000 കോടി രൂപയുടെ പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതികളാണ് നീരവ് മോദിയും മെഹുല്‍ ചോക്സിയും.

സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇരുവരും രാജ്യംവിട്ടത്. ഫാക്ടറികൂടി കണ്ടുകെട്ടുന്നതോടെ പി.എന്‍.ബി തട്ടിപ്പുകേസില്‍ 4765 കോടിയുടെ ആസ്ഥികള്‍ കണ്ടുകെട്ടുകയോ ഏറ്റെടുക്കുകയോ ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയുന്നു.

We use cookies to give you the best possible experience. Learn more