national news
ആന്റിഗ്വയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് റോ ഉദ്യോഗസ്ഥര്‍, നേരിട്ടത് ക്രൂരമര്‍ദ്ദനം; വെളിപ്പെടുത്തലുമായി മെഹുല്‍ ചോക്‌സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 26, 07:17 am
Monday, 26th July 2021, 12:47 pm

ന്യൂദല്‍ഹി: ആന്റിഗ്വയില്‍ നിന്ന് തന്നെ രണ്ട് റോ ഉദ്യോഗസ്ഥരാണ് തട്ടിക്കൊണ്ടുപോയതെന്ന വെളിപ്പെടുത്തലുമായി ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്സി. ഇന്ത്യാ ടുഡേയോടോയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗുര്‍മിത് സിംഗ്, ഗുര്‍ജിത് ഭണ്ഡല്‍ എന്നിവരാണ് തന്നെ റോ ഏജന്റുകളാണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയതെന്ന് ചോക്‌സി പറയുന്നു.

‘എന്നെ ചോദ്യം ചെയ്യലിന് കൊണ്ടുപോകുകയാണെന്ന് അവര്‍ പറഞ്ഞു. എന്നോട് വളരെ മോശമായാണ് പെരുമാറിയത്. എന്നെ ഇരുവരെ മര്‍ദ്ദിച്ചിരുന്നു,’ ചോക്‌സി പറഞ്ഞു.

ചോക്‌സിയുടെ വാക്കുകള്‍

ഡിന്നര്‍ കഴിക്കാന്‍ പോകുന്നതിനായി ബാര്‍ബറ ജറാബിക്കയെ കൂട്ടിക്കൊണ്ടുവരാന്‍ ഞാന്‍ ബാര്‍ബറ ജറാബിക്കയുടെ വീട്ടില്‍ പോയിരുന്നു. മേയ് 23 നായിരുന്നു ഇത്. ബാര്‍ബറ എന്നെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. എനിക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. അവള്‍ എനിക്കൊരു ഗ്ലാസ് വൈന്‍ തന്നു സോഫയിലിരിക്കാന്‍ പറഞ്ഞു. അല്‍പ്പ സമയത്തിന് ശേഷം ഇരുവശത്ത് നിന്നും ഒരു കൂട്ടമാളുകള്‍ അവിടേക്ക് കടന്നുവന്നു.

നിങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും ഞങ്ങള്‍ നിങ്ങളെ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നുവെന്നും അവര്‍ പറഞ്ഞു. അവരില്‍ രണ്ടുപേര്‍ എന്റെ കൈകളില്‍ പിടിച്ചു, രണ്ടുപേര്‍ എന്റെ കാലുകളിലും. എന്നെ എടുത്തുകൊണ്ടായിരുന്നു അവര്‍ പോയത്.

ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യത്ത് നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലായിരുന്നു 2018 മുതല്‍ ചോക്സി കഴിഞ്ഞിരുന്നത്.

മേയ് അവസാന വാരത്തിലാണ് ചോക്സി ഡൊമിനികയില്‍ വെച്ച് പിടിയിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ചോക്സി നടത്തിയ 14,000 കോടിയുടെ തട്ടിപ്പിന്റെ അന്വേഷണം അടുത്തിടെ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു.

കേസ് അന്വേഷിക്കുന്ന സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോക്സിയെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ വേഗത്തിലാക്കിയിരുന്നു. തുടര്‍ന്ന് ദ്വീപില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ചോക്സി. മേയ് പകുതിയോടെ ഇയാളെ ആന്റിഗ്വയില്‍ നിന്നും കാണാതാവുകയായിരുന്നു.

ബോട്ടില്‍ മറ്റൊരു കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നും ക്യൂബയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചോക്സിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ ഡൊമിനിക പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mehul Choksi claims he was abducted, beaten by RAW agents