ഒറ്റ ഓവറിൽ തിരുത്തിക്കുറിച്ചത് ടി-20യുടെ ചരിത്രം; തോൽവിയിലും ചരിത്രനേട്ടം കൈപ്പിടിയിലാക്കി ഒമാൻ സൂപ്പർതാരം
Cricket
ഒറ്റ ഓവറിൽ തിരുത്തിക്കുറിച്ചത് ടി-20യുടെ ചരിത്രം; തോൽവിയിലും ചരിത്രനേട്ടം കൈപ്പിടിയിലാക്കി ഒമാൻ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd June 2024, 1:21 pm

ഐ.സി.സി ടി-20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ നമീബിയക്ക് ആവേശകരമായ വിജയം. സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് ഒമാനെ നമീബിയ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് പുറത്താവുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നമീബിയക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് നേടാനാണ് സാധിച്ചത്. ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സാണ് നേടിയത്. സൂപ്പര്‍ ഓവറില്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ പത്ത് റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

നമീബിയയുടെ ബൗളിങ്ങില്‍ റൂബന്‍ ട്രമ്പല്‍മാന്‍ നാല് വിക്കറ്റും ഡേവിഡ് വീസ് മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസ് രണ്ട് വിക്കറ്റും ബെര്‍ണാട് സ്‌കോല്‍ട്സ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒമാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

39 പന്തില്‍ 34 റണ്‍സ് നേടിയ ഖാലിദ് കാലിയാണ് ഒമാന്‍ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ 22 നേടിയ സീഷാന്‍ മഖ്സൂധും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

നമീബയുടെ ബാറ്റിങ്ങില്‍ ജാന്‍ ഫ്രയ്ലിന്‍ക് 48 പന്തില്‍ 49 റണ്‍സും നിക്കോ ഡാവിന്‍ 31 പന്തില്‍ 24 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ഒമാന്‍ ബൗളിങ്ങില്‍ മെഹ്റന്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അവസാന ഓവര്‍ എറിഞ്ഞതും മെഹ്‌റാന്‍ ആയിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് മത്സരം സമനിലയിലാക്കിയത്. നമീബിയക്ക് വിജയിക്കാന്‍ അവസാന ഓവറില്‍ അഞ്ച് റണ്‍സ് ആവശ്യമുള്ള സാഹചര്യത്തില്‍ ആയിരുന്നു മെഹ്‌റാന്‍ തകര്‍പ്പന്‍ ബൗളിങ് നടത്തിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മെഹ്‌റാന്‍ സ്വന്തമാക്കിയത്. മെന്‍സ് ടി-20യില്‍ വിജയിക്കുകയോ സമനിലയാവുകയോ ചെയ്ത മത്സരങ്ങളില്‍ അവസാന ഓവറില്‍ ഏറ്റവും കുറവ് റണ്‍സ് ഡിഫന്‍ഡ് ചെയ്യുന്ന ബൗളര്‍ എന്ന നേട്ടമാണ് മെഹ്‌റാന്‍ സ്വന്തമാക്കിയത്.

2022ല്‍ മലേഷ്യക്കെതിരെ ബംഗ്ലാദേശ് താരം അഫീഫ് ഹുസൈനും അഞ്ച് റണ്‍സ് ഡിഫന്‍ഡ് ചെയ്തിട്ടുണ്ട്. 2021ല്‍ അയർലാൻഡിനെതിരെയുള്ള മത്സരത്തില്‍ സിംബാബ്വെ താരം റിച്ചാര്‍ഡ് എന്‍ഗരാവ ആറ് റണ്‍സും ഡിഫന്‍ഡ് ചെയ്തിട്ടുണ്ട്.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നമീബിയ. ജൂണ്‍ ഏഴിന് സ്‌കോട് ലാന്‍ഡിനെതിരെയാണ് നമീബിയയുടെ അടുത്ത മത്സരം. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയമാണ് വേദി.

Content Highlight: Mehran Khan create a new record in T20