| Wednesday, 7th December 2022, 4:17 pm

ഇവനെക്കൊണ്ട് തൊന്തരവായല്ലോ!! ഇന്ത്യക്ക് മേല്‍ തീയായ് പടര്‍ന്ന് യുവതാരം; നാഗനൃത്തമാടി ബംഗ്ലാദേശ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിന് മികച്ച ടോട്ടല്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ട മെഹിദി ഹസന്‍ തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചത്. ആദ്യ മത്സരത്തില്‍ കളിയിലെ താരമായ ഹസന്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി തികച്ചാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.

83 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സാണ് ഹസന്‍ സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും നാല് സിക്‌സറുമായി 120.48 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയാണ് മെഹിദി ഹസന്‍ ഇന്ത്യക്കെതിരെ കുറിച്ചത്.

മെഹിദി ഹസന് പുറമെ മഹ്മദുള്ളയും ബാറ്റിങ്ങില്‍ കരുത്ത് കാട്ടി. 96 പന്തില്‍ നിന്നും 77 റണ്‍സാണ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദശിനായി മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിനും ഷാകിബ് അല്‍ ഹസനും രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ല. 23 പന്തില്‍ നിന്നും ഏഴ് റണ്‍സുമായി ലിട്ടണ്‍ ദാസും 20 പന്തില്‍ നിന്നും എട്ട് റണ്‍സുമായി ഷാകിബും പുറത്തായി.

ബൗളിങ്ങില്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. പത്ത് ഓവര്‍ എറിഞ്ഞ് 37 റണ്‍സിന് മൂന്ന് വിക്കറ്റാണ് സുന്ദര്‍ നേടിയത്.

വാഷിങ്ടണ്ണിന് പുറമെ പേസര്‍ ഉമ്രാന്‍ മാലിക്കും ഷര്‍ദുല്‍ താക്കൂറും തരക്കേടില്ലാത്ത രീതിയില്‍ പന്തെറിഞ്ഞിരുന്നു. പത്ത് ഓവറില്‍ 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഉമ്രാന്‍ വീഴ്ത്തിയത്. വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും പത്ത് ഓവറില്‍ 47 റണ്‍സ് മാത്രമാണ് താക്കൂര്‍ വഴങ്ങിയത്.

നേരത്തെ കൈക്ക് പരിക്കേറ്റ രോഹിത് ശര്‍മ മത്സരത്തില്‍ നിന്നും പുറത്തായിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ വിരാട് കോഹ്‌ലിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

Content Highlight: Mehidy Hasan’s incredible performance in India vs Bangladesh second ODI

We use cookies to give you the best possible experience. Learn more