എല്ലാവരുടേയും മനസ്സില്‍ ചെമ്പകം നിറയ്ക്കുന്ന ഒരു ഗൃഹാതുരതയുണ്ട്. ഒരുപക്ഷെ എനിക്കും നിനക്കും മാത്രം തിരിച്ചറിയാനാവുന്ന ഒരു കാലത്തിന്റെ ചെമ്പക സുഗന്ധമുള്ള ഓര്‍മകള്‍ നല്‍കുന്നതുകൊണ്ടാവാം അത്. ഇതെഴുതുമ്പോള്‍ മറ്റൊരുകാര്യവും മനസ്സില്‍ നിറയുന്നു. മലബാറില്‍ ചെമ്പകം എന്ന പൂവ് മറ്റേതോ ആണെന്ന് പറഞ്ഞ് ചേരിതിരിഞ്ഞ് വഴക്കിട്ടതും വാചാലരായതും ഓര്‍ത്ത് ചിരിവരുമ്പോഴും മനസ്സില്‍ ആ വരി തങ്ങി നില്‍ക്കുന്നു. “ജന്‍മങ്ങള്‍ക്കപ്പുറമെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം”സരിത കെ വേണു എഴുതുന്നു…
മെഹ്ഫില്‍/സരിത കെ വേണു
എപ്പോഴെങ്കിലും ഏതെങ്കിലും വീടിനു മുന്നില്‍ ഇങ്ങനെ പൊടുന്നനെ നിന്നു പോയിട്ടുണ്ടോ? ആ മുറ്റത്തെ ആ വലിയ ചെമ്പകമരവും അതില്‍ വിരിഞ്ഞ ചെമ്പകപ്പൂവിന്റെ സുഗന്ധവും കണ്ണിലും മൂക്കിലും നിറച്ച് നിന്നിട്ടുണ്ടോ? ചിലപ്പോഴൊക്കെ ഞാന്‍ അങ്ങിനെ അന്തംവിട്ടു നിന്നിട്ടുണ്ട്. ചില ഗന്ധങ്ങള്‍ അങ്ങിനെയാണ്, അവ നാം ജീവിച്ചു തീര്‍ത്ത ചില കാലങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ചെമ്പകപ്പൂവിന്റെ മണം അത്തരത്തില്‍ ഒന്നാണ്.
ഭീമാകാരമായ ഒരു മതിലില്‍ വലിഞ്ഞുകയറി വെളുത്ത ചെമ്പകപ്പൂ പറിക്കാന്‍ ശ്രമിച്ച കറുത്ത് മെലിഞ്ഞ, ഒതുക്കമില്ലാത്ത തലമുടിയുള്ള ആ പെണ്‍കുട്ടിയെ ഞാന്‍ അപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. ആരും കാണാതെ കഷ്ടപ്പെട്ടു പറിച്ചെടുത്ത പൂമൊട്ടുകള്‍ കൂടുതല്‍ വിരിഞ്ഞു പോകാതിരിക്കാനായി വാഴനാരുകള്‍ കൊണ്ട് കെട്ടി ഒരു തുണിയില്‍ പൊതിഞ്ഞ് ഒരു രാത്രി മുഴുവന്‍ ചോറ്റുപാത്രത്തില്‍ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. എത്രവലിയ പീഡനമാണ് ഞാന്‍ ആ പൂവിനോട് ചെയ്തത്.
രാവിലെ ചോറ്റുപാത്രം തുറന്ന് നോക്കും. മുറിയില്‍ നിറയെ സുഗന്ധമുയരും. ഇല്ല എന്റെ ചെമ്പകമൊട്ട് അധികം വിരിഞ്ഞില്ല,ഭാഗ്യം! സ്‌കൂളില്‍ എത്തിയാല്‍ പിന്നെ അടുത്ത കൂട്ടുകാരികള്‍ക്ക് ഇതളുകളായി അവ വിഭജിച്ച് നല്‍കും. എന്റെ ഹൃദയസുഗന്ധത്തിന്റെ പങ്കുപറ്റുന്നവര്‍ക്കുള്ള എന്റെ സ്‌നേഹ സമ്മാനം. രാവിലെ സ്‌കൂള്‍ അസംബ്ലി നടക്കുമ്പോള്‍ കാണാം എണ്ണ തേച്ച് കുളിച്ച തലമുടിയില്‍ ചെമ്പകപ്പൂക്കള്‍ വിരിഞ്ഞിരിക്കുന്നത്.
ചെമ്പകപ്പൂവിന്റെ ഓര്‍മകൊണ്ടുവരുന്ന ആ പാട്ട് മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു.
“”ചെമ്പകപ്പൂമൊട്ടിനുള്ളില്‍ വസന്തം വന്നു,
കനവിന്റെ ഇളംകൊമ്പില്‍
ചന്ദനക്കിളി അടക്കം ചൊല്ലി””.
അത് ഒരു നെരൂദ കവിതയെ ഓര്‍മിപ്പിക്കും വിധം മനോഹരമായിരുന്നു. ഏതുപാട്ടിലും ചെമ്പകം എന്ന വാക്കുവന്നാല്‍ അത് എന്നില്‍ അവാച്യമായ ഒരനുഭൂതിയുണര്‍ത്തി. പിന്നീട് കോളജില്‍ പഠിക്കുമ്പോള്‍ ഇതുപോലെ മനസ്സില്‍ തങ്ങിയ ഒന്നായിരുന്നു മേഘമല്‍ഹാര്‍ എന്ന ചിത്രത്തിലെ
“”പൊന്നുഷഃസ്സെന്നും നീരാടുവാന്‍ വരുമീ
സൗന്ദര്യതീര്‍ത്ഥക്കരയില്‍…
നഷ്ടസ്മൃതികളാം മാരിവില്ലിന്‍
വര്‍ണപൊട്ടുകള്‍ തേടി നാം വന്നു”
എന്നു തുടങ്ങുന്ന ഗാനം. അതിലൊരു വരിയുണ്ട്, ജന്‍മങ്ങള്‍ക്കപ്പുറമെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം…ആ കവിതയുടെ മാസ്മരികതയില്‍ ഞാന്‍ എന്നെത്തന്നെ മറന്ന എത്രയോ അവസരങ്ങള്‍ ഉണ്ടായി. അടുത്തിരുന്നവരോട് ഇതിനെക്കുറിച്ച് വാചാലയായി. അതൊക്കെ അവര്‍ എന്റെ അതേ ഭ്രാന്തില്‍ തന്നെയാണോ കേട്ടിരുന്നത്. സംശയമാണ്.
എല്ലാവരുടേയും മനസ്സില്‍ ചെമ്പകം നിറയ്ക്കുന്ന ഒരു ഗൃഹാതുരതയുണ്ട്. ഒരുപക്ഷെ എനിക്കും നിനക്കും മാത്രം തിരിച്ചറിയാനാവുന്ന ഒരു കാലത്തിന്റെ ചെമ്പക സുഗന്ധമുള്ള ഓര്‍മകള്‍ നല്‍കുന്നതുകൊണ്ടാവാം അത്. ഇതെഴുതുമ്പോള്‍ മറ്റൊരുകാര്യവും മനസ്സില്‍ നിറയുന്നു. മലബാറില്‍ ചെമ്പകം എന്ന പൂവ് മറ്റേതോ ആണെന്ന് പറഞ്ഞ് ചേരിതിരിഞ്ഞ് വഴക്കിട്ടതും വാചാലരായതും ഓര്‍ത്ത് ചിരിവരുമ്പോഴും മനസ്സില്‍ ആ വരി തങ്ങി നില്‍ക്കുന്നു. “”ജന്‍മങ്ങള്‍ക്കപ്പുറമെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം””