പ്രിയ മാര്‍ക്ക് സക്കര്‍ബര്‍ഗ്,
എന്താണ് നിങ്ങള്‍ക്ക് സംഭവിച്ചത്?
നമുക്ക് 2015 ഡിസംബറിലേക്ക് പോകാം. അന്ന് നിങ്ങള്‍ മുസ്ലിം വിരുദ്ധതയ്ക്കും വിദ്വേഷത്തിനുമെതിരെ ഉച്ചത്തിലും അഭിമാനത്തോടെയും സംസാരിച്ചിരുന്നല്ലോ? റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ വാതിലുകള്‍ മുസ്ലിങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായും അടച്ചുപൂട്ടാനുള്ള പദ്ധതി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം നിങ്ങള്‍ ഫേസ്ബുക്കില്‍ ഇങ്ങനെയെഴുതി,
‘നമ്മുടെ സമൂഹത്തിലെയും ലോകമെമ്പാടുമുള്ള മുസ്ലിങ്ങളെയും പിന്തുണയ്ക്കുന്നതിനുവേണ്ടി ഞാന്‍ നിലകൊള്ളുന്നു’.
പാരിസ് ആക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ വിദ്വേഷ പ്രചാരണത്തിന്റെയും പശ്ചാത്തലത്തില്‍ താങ്കള്‍ എഴുതിയത് ‘മറ്റുള്ളവരുടെ ചെയ്തികള്‍ കാരണം തങ്ങള്‍ പീഡിപ്പിക്കപ്പെടുമെന്ന് ഭയത്തില്‍ കഴിയുന്ന മുസ്ലിം ജീവിതങ്ങളെ എനിക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ട്’, എന്നാണ്.
ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട് ഓര്‍മ്മയുണ്ടോ? ‘മുസ്ലിം ഉപയോക്താക്കള്‍ക്ക്‌ധൈര്യം പകര്‍ന്ന് മാര്‍ക്ക് സക്കര്‍ ബര്‍ഗ്’!.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2019 ഡിസംബറില്‍, താങ്കളും താങ്കളുടെ കമ്പനിയുംമുസ്ലിങ്ങളെ ചേര്‍ത്തു പിടിക്കുന്നതു പോയിട്ട്അവര്‍ക്കെതിരായ വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
‘ചരിത്രത്തിലെ ഏറ്റവും വലിയ പ്രചാരണ യന്ത്രം’ എന്ന് നടന്‍ സച്ച ബാരന്‍ കോഹന്‍ അടുത്തിടെ വിശേഷിപ്പിച്ച ഫേസ്ബുക്കിനെ ഭൂമിയിലെ ഏറ്റവും ദുര്‍ബലരായ ചില മുസ്ലിം സമുദായങ്ങളെ ലക്ഷ്യമിടുന്നതിനും ഉപദ്രവിക്കുന്നതിനും വേണ്ടി ഉപയോഗിക്കാന്‍ നിങ്ങള്‍ സമ്മതം മൂളി.
മാര്‍ക്ക്, ഒരു വംശഹത്യയില്‍ പങ്കാളിയാകുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു?
മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്ലിങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. യു.എന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്‍ര്‍നാഷണല്‍ ഫാക്ട് ഫൈന്‍ഡിങ് മിഷന്‍ ചെയര്‍മാന്‍ മാര്‍സുകി ദരുസ്മാന്‍ 2018 മാര്‍ച്ചില്‍ മാധ്യമങ്ങളോട് പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, ‘നിങ്ങളുടേത് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ കമ്പനികള്‍ മ്യാന്‍മര്‍ പ്രശ്‌നം ഇത്രമേല്‍ രക്ത രൂക്ഷിതമാക്കാനും ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതിലും, കലാപത്തിലേക്കും കൊലകളിലേക്കും കൊണ്ടെത്തിക്കുവാനും വഹിച്ച പങ്ക് വളരെ വലുതാണ്’.
‘മ്യാന്‍മറില്‍ സംഭവിച്ചതൊക്കെയും ഫേസ്ബുക്കിലൂടെയായിരുന്നു’, മ്യാന്‍മര്‍ വിഷയങ്ങള്‍ക്കായി യു.എന്‍ അയച്ച പ്രത്യേക പ്രതിനിധി യാങീ ലീ പറഞ്ഞതിങ്ങനെയാണ്. ‘ഏറ്റവും ദുഖമുളവാകുന്നതെന്തെന്നാല്‍ ഫേസ്ബുക്ക് ഒരു ക്രൂരജന്തുവായി മാറിയിരിക്കുന്നു എന്നതാണ്’, എന്നാണ്. ‘യഥാര്‍ത്ഥത്തില്‍ അത് എന്ത് ലക്ഷ്യമിട്ടിരുന്നോ അതിന് വിപരീതമായിട്ടാണ് സംഭവിക്കുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതെല്ലാം നിങ്ങള്‍ക്കറിയാം മാര്‍ക്ക്. അടിസ്ഥാനപരമായി നിങ്ങളുടെ കമ്പനി അത് സമ്മതിക്കുകയും ചെയ്തതാണല്ലോ. 2018 നവംബറില്‍ നിങ്ങളുടെ തന്നെ പ്രൊഡക്ട് പോളിസി മാനേജര്‍ അലെക്‌സ് വരോഫ്ക പറഞ്ഞത് ‘നിങ്ങളും ഫേസ്ബുക്കിലെ നിങ്ങളുടെ സഹപ്രവര്‍ത്തകരും മ്യാന്‍മറിലെ ഭിന്നിപ്പിനെ ഉത്തേജിപ്പിക്കാനും ഓഫ്‌ലൈന്‍ ഹിംസകളെ എരികേറ്റാനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതില്‍നിന്ന് നിങ്ങളുടെ ഉപഭോക്താക്കളെ നിയന്ത്രിക്കാനുള്ള കാര്യങ്ങളൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു.
അതിനുശേഷം നിങ്ങള്‍ എന്തു ചെയ്തു? മ്യാന്മറിലെ ‘വിദ്വേഷപ്രചാരണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള സംവിധാനങ്ങള്‍’ ഫേസ്ബുക് വികസിപ്പിച്ചുവെന്ന് വറോക്ഫ അവകാശപ്പെട്ടിരുന്നു.
അപ്പോള്‍ത്തന്നെ മ്യാന്‍മര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഫോര്‍ട്ടി റൈസ്റ്റ്‌സിന്റെ സ്ഥാപകന്‍ മാത്യു സ്മിത്ത് വരോഫ്കയുടെ ഈ അവകാശ വാദത്തിന്റെപൊള്ളത്തരം തുറന്നുകാട്ടുകയുണ്ടായി. ‘ഫേസ്ബുക്കിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്’, അദ്ദേഹം എന്നോട് പറഞ്ഞു.
മ്യാന്‍മറിനെ ഉദ്ദേശിച്ച് നിങ്ങളുടെ കമ്പനി നൂറുലധികം കണ്ടന്റ് റിവ്യൂവേഴ്‌സിനെ പുതുതായി നിയമിച്ചു എന്നത് ശരിതന്നെ. പക്ഷേ, രണ്ടുകോടിയിലധികം ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട് ഈ രാജ്യത്ത്. സ്മിത്ത് വാദിച്ചതുപോലെ ഈ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം പരിഹരിക്കുന്നതിന് ഇന്നുവരെയുള്ള ശ്രമങ്ങള്‍ പര്യാപ്തമല്ല.
‘ഈ സാഹചര്യത്തിന്റെ ആഴംകമ്പനിയുടെതലപ്പത്തുള്ളവര്‍എങ്ങനെയാണ് മനസിലാക്കിയിക്കുന്നതെന്ന് വ്യക്തമല്ല. റോഹിങ്ക്യന്‍ ജനതയ്ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിനെക്കുറിച്ചും ആ ദ്രോഹങ്ങള്‍ അവസാനിപ്പിക്കാന്‍ മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും കമ്പനി ചിന്തിക്കേണ്ടിയിരിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സമുദായങ്ങളുടെ കാര്യമോ? അവരുടെ വിധിയെ ഓര്‍ത്ത് എപ്പോഴെങ്കിലും നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടോ മാര്‍ക്ക്?, ഇല്ലെന്നാണെങ്കില്‍, എന്തുകൊണ്ട് ഇല്ല?
സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ‘ആവാസി’ന്റെ ഒക്ടോബറിലെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ മുസ്ലിങ്ങള്‍ക്കെതിരെ ‘വെറുപ്പിന്റെ ഉച്ചഭാഷിണിയായി’ ഫേസ്ബുക്ക് മാറിയിരിക്കുന്നു എന്നാണ്.
‘അവിടെ, പത്ത് ലക്ഷത്തോളം ജനങ്ങള്‍, അവരില്‍ ഭൂരിപക്ഷവും മുസ്ലിങ്ങള്‍, ദേശീയ പൗരത്വപട്ടികയുടെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ഹിന്ദു ദേശീയ വാദികളായ സര്‍ക്കാരാല്‍ ഇന്ത്യക്കാരല്ലാതായി’.
സൗത്തേഷ്യന്‍ മനുഷ്യാവകാശ സംഘടനയായ ഇക്വാലിറ്റി ലാബ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്’ഇന്ത്യയിലെ ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷ പ്രചരണത്തിലെ വലിയ ഭാഗം ഇസ്ലാമോഫോബിക് ആയ ആശയങ്ങള്‍ ഉപയോഗിച്ചാണ്’ എന്നാണ്. മൊത്തം വിദ്വേഷ പ്രചാരണത്തിന്റെ 37 ശതമാനവും ഇസ്ലാമോഫോബിയയാണെന്ന് വൈസ് ന്യൂസ് ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിലൊന്നും നിങ്ങള്‍ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. ആകെ സംഭവിച്ചത്, ഏറ്റവുമധികം ഫേസ്ബുക്ക് ഫോളോവേഴസുള്ള ലോക നേതാവായ മോദിയെ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിച്ചു എന്നതാണ്. നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെപ്പോലും അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഞാന്‍ അത്ഭുതപ്പെടുന്നു.
മോഡി ഗവണ്മെന്റ് തടവിലിട്ടിരിക്കുന്ന കാശ്മീരികളുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിര്‍ജീവമാക്കാന്‍ ഫേസ്ബുക് തീരുമാനിച്ചിരിക്കയാണല്ലോ.ആ ജനതയെനിങ്ങള്‍ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുമോ?
ശ്രീലങ്കയിലെ മുസ്ലിങ്ങളുടെ കാര്യമോ? സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് എന്ന കൊളംബോ ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പിലെ അംഗങ്ങള്‍ ഫേസ്ബുക്കിലെ തീവ്ര വികാരമുണര്‍ത്തുന്നതും ഇസ്ലാമോഫോബിക് ആശയങ്ങള്‍ പടര്‍ത്തുന്നതുമായ വീഡിയോകളുടെയും പോസ്റ്റുകളുടെയും ഒന്നിലധികം ഉദാഹരണങ്ങളുമായി നിങ്ങളുടെ കമ്പനിയില്‍ വന്നപ്പോള്‍ അവയൊന്നും ഫേസ്ബുക്ക് മാനദണ്ഡങ്ങളെ ലംഘിക്കുന്നതല്ല എന്നായിരുന്നല്ലോനിങ്ങളുടെ മറുപടി.
അതിലൊരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു, ‘എല്ലാ മുസ്ലിങ്ങളെയും കൊല്ലുക, ഇപ്പോള്‍ പിറന്നു വീഴുന്നവരെപ്പോലും വെറുതെ വിടരുത്’.
നിങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ശ്രീലങ്കന്‍ മുസ്ലിങ്ങളെ കൊന്നുതള്ളാനാണ് ആഹ്വാനം ചെയ്യുന്നത്. അത് നിങ്ങളെ അലട്ടുന്നില്ലേ? നിങ്ങളെ ഞെട്ടിപ്പിക്കുന്നില്ലേ?
ചൈനയിലെ ഉയിഗര്‍ മുസ്ലിങ്ങളെയും മറക്കരുത്. പത്ത് ലക്ഷത്തിലധികം മുസ്ലിങ്ങളാണ് സിന്‍ജിയാങ് പ്രവിശ്യയില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കുരുങ്ങിക്കിടക്കുന്നത്. അവിടെ അവര്‍ ക്രൂര മര്‍ദ്ദനത്തിനും പീഡനത്തിനും ബലാത്സംഗത്തിനും ഇരയിക്കൊണ്ടിരിക്കുകയാണ്.
എന്നിട്ടും ഈ മനുഷ്യാവകാശ ധ്വംസനങ്ങളെ മറച്ചുപിടിക്കാന്‍ ചൈനീസ് സര്‍ക്കാരിന് കുടപിടിച്ചത് ഫേസ്ബുക്കാണെന്ന് ബസ് ഫീഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ചൈനയുടെ തടങ്കല്‍ പാളയങ്ങള്‍ എത്രയോ മനോഹരം’ എന്ന രീതിയിലുള്ള സര്‍ക്കാര്‍ പരസ്യം ഫേസ്ബുക്കില്‍ വന്നു.
സിന്‍ചിയാങിലെ സാംസ്‌കാരിക വംശഹത്യയെന്ന് വിദഗ്ധര്‍ പേരിട്ടുവിളിക്കുന്ന ഇതിനെ മറച്ചുപിടിക്കുന്നതില്‍ ഫേസ്ബുക്ക് കൂട്ടാളിയാവുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നാണോ?
ഇനി യു.എസിലേക്ക് നോക്കാം. ‘മുസ്ലിം വിരുദ്ധതയുടെ വളക്കൂറുള്ള മണ്ണായി ഫേസ്ബുക്ക് അവിടെമാറുന്നതെങ്ങനെ’ എന്നതിനെക്കുറച്ച് സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ 2018 മെയ്യില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.
വൈറ്റ് നാഷണലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു എന്ന് റിവീലിന്റെ പുതിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ‘എന്നാല്‍, മുസ്ലിങ്ങളോട് പരസ്യമായി ശത്രുത പുലര്‍ത്തുന്ന ഗ്രൂപ്പുകളായ ‘ഡെത്ത് ടു ഇസ്ലാം അണ്ടര്‍ കോവര്‍’ പോലുള്ള ഗ്രൂപ്പുകളെ നിര്‍ബാധം തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു’.
മാര്‍ക്ക്, നിങ്ങള്‍ക്കിതെല്ലാം അറിയാം. നിങ്ങള്‍ക്ക് അറിവില്ലായിരുന്നു എന്നൊരിക്കലും പറയാന്‍ കഴിയില്ല.
മുസ്ലിം അഭിഭാഷകരുടെ പൗരാവകാശ സംഘടനയിലെ ഫര്‍ഹാന ഖേരയെ നിങ്ങള്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഫേസ്ബുക്കിലൂടെ യു.എസിലും ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും ഖേര നിങ്ങളോട് പങ്കുവെച്ചു. അവരുടെ വ്യക്തിപരമായ സാക്ഷ്യപ്പെടുത്തല്‍ പോലും നിങ്ങളെ ബാധിക്കുന്നില്ലേ?
ഇനിയുമുണ്ട് പറയാന്‍. ഇറാഖികളെ ‘അര്‍ദ്ധ സാക്ഷരരായ പ്രാകൃത കുരങ്ങുകളെന്ന്’ വിളിച്ചധിക്ഷേപിച്ച ഫോക്‌സ് ന്യൂസ് എഡിറ്റര്‍ തുക്കര്‍ കാള്‍സണിനും ലോകത്തെ ഒട്ടുമിക്ക മുസ്ലിങ്ങളും ഉല്‍പതിഷ്ണുക്കളാണെന്ന് ആരോപിച്ച ഡെയ്‌ലി വയറിന്റെ സ്ഥാപകന്‍ ബെന്‍ ഷാപിറോനും നിങ്ങള്‍ ആതിഥ്യമരുളി.
കഴിഞ്ഞമാസം അമേരിക്കന്‍ പ്രസിഡണ്ടുമായി നിങ്ങള്‍ സ്വകാര്യ അത്താഴവിരുന്നിനുപോയി. എന്നാല്‍, അന്ന് സംസാരിച്ച കാര്യങ്ങളെക്കുറിച്ച് നിങ്ങളിനിയും പുറത്തുപറഞ്ഞിട്ടില്ല. (നാല് വര്‍ഷം എന്തൊരു വ്യത്യാസമാണ് ഉണ്ടാക്കുന്നത്!)
അതിനിടയില്‍, അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയിലെ മുസ്ലിം അംഗങ്ങളായ ഐലാന്‍ ഒമറിനെയും റാഷിദ ത്‌ലൈബിനെയും ലക്ഷ്യമിട്ട് തീവ്ര വലതുപക്ഷഫേസ്ബുക് പേജുകള്‍ ആഗോളാടിസ്ഥാനത്തില്‍ വ്യാജപ്രചരണങ്ങള്‍ പടച്ചുവിട്ടതായി ദ ഗാര്‍ഡിയന്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വ്യക്തമാകുന്നത് മുസ്ലിം വിരുദ്ധ പ്രചാരങ്ങള്‍ക്കു തടയിടാന്‍ ഫേസ്ബുക്കിന് ലവലേശം കഴിഞ്ഞിട്ടില്ല എന്നുള്ളത് തന്നെയാണ്.
സോഷ്യല്‍ മീഡിയാ വ്യാജപ്രചരണങ്ങള്‍ മനുഷ്യജീവിതങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നിങ്ങള്‍ക്ക് വ്യക്തമായിട്ടറിയാം. ശരിയല്ലേ?
നവംബറില്‍ ഒമറിനെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുറ്റസമ്മതം നടത്തിയ പാട്രിക് കാര്‍ലിനിയോ, നിങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് മുസ്ലിങ്ങളെ നിന്ദിക്കുകയും വംശീയ അധിക്ഷേപങ്ങള്‍കൊണ്ട് ആക്രമിക്കുകയും ചെയ്തുകൊണ്ടിരുന്നത്.
‘ഒരുകൂട്ടം മുസ്ലിം രാഷ്ട്രീയക്കാരെ ഒരു ബക്കറ്റ് പന്നി രക്തവുമായി നേരിടാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു പാട്രിക് പറഞ്ഞതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസിലെ ഫേസ്ബുക്ക് മോഡറേറ്റര്‍മാരാരും അയാളെ നിയന്ത്രിക്കാന്‍ ചെറുവിരല്‍പോലും അനക്കിയില്ല. നിങ്ങളവളെ ലക്ഷ്യമിട്ടിരുന്നെന്ന് ഒമര്‍ എന്നോട് പറഞ്ഞതില്‍ അത്ഭുതം കൂറാനെന്തെങ്കിലുമുണ്ടോ?
സങ്കടകരമായ വസ്തുത എന്താണെന്നുവെച്ചാല്‍, വികസിത-വികസ്വര രാഷ്ട്രങ്ങളില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ തീവ്ര വലത് ദേശീയവാദികള്‍ കുഴപ്പക്കാരായി ചിത്രീകരിക്കുകയും ഉന്നമിടുകയും നിരന്തരമായി ആക്രമിക്കുകയുമാണ്.
ഈ തീവ്ര വലതുപക്ഷ ദേശീയവാദികളെ നേരിട്ടോ അല്ലാതെയോ സിലിക്കണ്‍ വാലിയിലെ സ്വയം-പ്രഖ്യാപിതലിബറലുകള്‍ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഫേസ്ബുക്കിലൂടെ, നിങ്ങളിലൂടെ, മാര്‍ക്ക്.
ഇങ്ങനെയാണോ നിങ്ങള്‍ ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നത്? തമാശ നിറഞ്ഞ മീമുകളിലൂടെയും ഫ്രണ്ട് റിക്വസ്റ്റിലൂടെയും ലോകത്തെ രണ്ട് ബില്യണ്‍ ആളുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന കമ്പനിയുടെ സ്ഥാപകനായിട്ടല്ല, മറിച്ച്, ലക്ഷക്കണക്കിന് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും സഹായിച്ച ഒരു പ്രചാരണ യന്ത്രത്തിന്റെ സ്ഥാപകനെന്ന നിലയില്‍…?
2015 ഡിസംബറില്‍ തന്റെ മുസ്ലിം ജീവനക്കാരോട് നിങ്ങളുടെ അവകാശം സംരക്ഷിക്കാനും സമാധാന പരവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും പോരാടുമെന്ന് പറഞ്ഞ ആ മാര്‍ക്ക് സക്കര്‍ ബര്‍ഗിന് എന്താണ് സംഭവിച്ചത്?
ഒരു യഹൂദനെന്ന നിലയില്‍ എല്ലാ സമുദായങ്ങള്‍ക്കും വിഭാഗക്കാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നിലകൊള്ളണമെന്നാണ് എന്റെ മാതാപിതാക്കള്‍ പറഞ്ഞു പഠിപ്പിച്ചതെന്ന് ഞങ്ങളോട് പറഞ്ഞ ആ മാര്‍ക്ക് സക്കര്‍ബര്‍ഗ് എവിടെ?
സീരിയസ്ലീ, ആ വ്യക്തി എവിടെപ്പോയി?
(മാധ്യമപ്രവര്‍ത്തകനും അല്‍ ജസീറയിലെ പ്രശസ്ത അവതാരകനും എഴുത്തുകാരനുമായ മെഹ്ദി ഹസന്‍ ദ ഇന്റര്‍സെപ്റ്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. മൊഴിമാറ്റം: നിമിഷ ടോം)