മെഹബൂബ മുഫ്തിയെ ഉന്നമിട്ട് കേന്ദ്രം; ഫര്‍ണിച്ചറും പരവതാനികളും വാങ്ങാന്‍ ആറുമാസത്തിനിടെ മുഫ്തി 82 ലക്ഷംരൂപ ചെലവഴിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍
national news
മെഹബൂബ മുഫ്തിയെ ഉന്നമിട്ട് കേന്ദ്രം; ഫര്‍ണിച്ചറും പരവതാനികളും വാങ്ങാന്‍ ആറുമാസത്തിനിടെ മുഫ്തി 82 ലക്ഷംരൂപ ചെലവഴിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 10:23 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയ്‌ക്കെതിരെ ഗുരുതരാരോപണവുമായി കേന്ദ്രസര്‍ക്കാര്‍. ഗുപ്കാര്‍ റോഡിലെ തന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ മുഫ്തി ഭീമമായ തുക ചെലവഴിച്ചുവെന്നാണ് ആരോപണം.

ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ മുഫ്തി ആറുമാസം കൊണ്ട് ചെലവാക്കിയത് 82 ലക്ഷമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 2018 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഈ തുക ചെലവാക്കപ്പെട്ടത്.

ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍ ബെഡ്ഷീറ്റുകള്‍, എന്നിവ വാങ്ങാനാണ് ഇത്രയധികം തുക ചെലവാക്കിയതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.

പരവതാനികള്‍ വാങ്ങുന്നതിനായി 2018 മാര്‍ച്ച് 28 ന് 28 ലക്ഷം രൂപ ചെലവാക്കി. ജൂണില്‍ മറ്റ് വിവിധ വസ്തുക്കള്‍ വാങ്ങുന്നതിനായി ചെലവാക്കിയത് 25 ലക്ഷം രൂപയെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

എല്‍.ഇ.ഡി ടിവി വാങ്ങാനും ധാരാളം പണം ചെലവഴിച്ചതായും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഏകദേശം 22 ലക്ഷം രൂപയാണ് ഇതിനായി മുഫ്തി ചെലവാക്കിയതെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.

പൂന്തോട്ടം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായും ധാരാളം വസ്തുക്കള്‍ മുഫ്തി വാങ്ങിക്കൂട്ടിയെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. ജനുവരി 30ന് 14 ലക്ഷം രൂപ ഇതിനായി ചെലവാക്കിയെന്നും കേന്ദ്രം പറഞ്ഞു.

2016 ആഗസ്റ്റ് മുതല്‍ ജൂലൈ 2018 വരെയുള്ള കാലയളവില്‍ പാത്രങ്ങള്‍ വാങ്ങുന്നതിനായി 40 ലക്ഷം രൂപ മുഫ്തി ഉപയോഗിച്ചെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Union Government Aganist Mehabooba Mufti