അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല രാജ്യസ്‌നേഹം: മെഹ്ബൂബ മുഫ്തി
national news
അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല രാജ്യസ്‌നേഹം: മെഹ്ബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th July 2022, 11:39 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിനെതിരെ വിമര്‍ശനവുമായി
മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ ക്യാമ്പയിനിന് വേണ്ടി 20 രൂപ നല്‍കാത്ത കടയുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പ് വന്നിരുന്നു. ഇതിനെതിരെയായിരുന്നു മുഫ്തിയുടെ പ്രതികരണം.

ദേശസ്‌നേഹം സ്വാഭാവികമായി വരുന്നതാണെന്നും അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നുമായിരുന്നു മുഫ്തിയുടെ പ്രതികരണം. ജനങ്ങള്‍ക്ക് രാജ്യത്തോട് സ്‌നേഹമുണ്ടെന്ന് കാണിക്കാനാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും കടയുടമകളില്‍ നിന്നും സര്‍ക്കാര്‍ അധ്യക്ഷതയില്‍ പണം പിരിക്കുന്നതെന്നും മെഹബൂബ മുഫ്തി പ്രതികരിച്ചു.

ജില്ലാ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്തരം അനൗണ്‍സ്‌മെന്റുകള്‍ നടന്നത്.

എല്ലാ കടയുടമകളോടും 20രൂപ വീതം തങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയ ഓഫീസുകളില്‍ ഏല്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ബിജ്‌ബേഹാര പ്രദേശത്തെ കടയുടമകളോടായിരുന്നു നിര്‍ദേശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

‘തങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ച ഓഫീസുകളില്‍ എല്ലാ കടയുടമകളും തിങ്കളാഴ്ച 11 മണിക്ക് മുന്‍പായി 20 രൂപ നല്‍കണം. ജില്ലാ അധികാരികളുടെ നിര്‍ദേശപ്രകാരമാണ് അറിയിപ്പ്. ഹര്‍ ഘര്‍ തിരംഗ പദ്ധതിയുടെ ഭാഗമായാണ് നടപടി. അറിയിപ്പ് പാലിക്കാത്തവര്‍ക്കെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കും’ എന്നാണ് അറിയിപ്പ്.

എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും 20രൂപ പിരിക്കണമെന്ന ഉന്നത വിദ്യഭ്യാസ ഓഫീസറുടെ അറിപ്പ് വന്നതിന് പിന്നാലെയാണ് കടയുടമകള്‍ക്കും അറിയിപ്പ് നല്‍കിയത്. ഉത്തരവ് പിന്‍വലിച്ചെങ്കിലും നിരവധി സ്‌കൂളുകളില്‍ ഇപ്രകാരം വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിവെടുത്തതായാണ് റിപ്പോര്‍ട്ട്. ഈ പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഉന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കട്ടെയെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ നാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി തെക്കന്‍ കശ്മീരിലെ ഉദ്യോഗസ്ഥര്‍ തെരുവ് നാടകം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തിങ്കളാഴ്ച ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ബി.ജെ.പി തിരംഗ റാലി സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി റാലി ഫ്‌ലാഗ് ഓഫ് ചെയ്‌തേക്കും. കാര്‍ഗില്‍ യുദ്ധസ്മാരകത്തിലേക്ക് നീങ്ങുന്ന റാലിയില്‍ കുറഞ്ഞത് 300 ബൈക്കുകളെങ്കിലും പങ്കെടുക്കും.

Content Highlight: Ex jammu kashmir chief minister Mehbooba Mufti slams central government’s har ghar tirranga campaign