| Monday, 5th August 2019, 12:04 pm

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം; 1947 ലെ വിഭജനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനുള്ള കശ്മീരിന്റെ തീരുമാനം തിരിച്ചടിച്ചെന്നും മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനമാണ് ഇതെന്നും 1947 ലെ വിഭജനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനുള്ള കാശ്മീരിന്റെ തീരുമാനം തിരിച്ചടിച്ചെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ പ്രതികരിച്ചു.

ഇത് വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമാണ്. ജനങ്ങളെ ഭയപ്പെടുത്തി ജമ്മുകാശ്മീരിനെ കൈവശപ്പെടുത്താനുള്ള ശ്രമം. കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും മുഫ്തി പ്രതികരിച്ചു.

കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അസാധാരണമായ നടപടി ക്രമങ്ങളിലൂടെയായിരുന്നു. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.

സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.

We use cookies to give you the best possible experience. Learn more