D' Election 2019
'എക്‌സിറ്റ് പോള്‍, ഇ.വി.എം തിരിമറി, അണിയറയില്‍ അടുത്ത ബാലാകോട്ട് ഒരുങ്ങുന്നു'; ആരോപണവുമായി മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: ഇ.വി.എം അട്ടിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരുന്ന നിശ്ശബ്ദത ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നതായുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുപോലും കമ്മീഷന്‍ ഈ ആശങ്കയ്ക്കു വിശദീകരണം നല്‍കിയിട്ടില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.
സംശയകരമായ എക്‌സിറ്റ് പോളുകള്‍ക്കു പുറമേ ഇ.വി.എമ്മികളില്‍ തിരിമറി നടത്തുന്നത് അണിയറയില്‍ അടുത്ത ബാലാകോട്ട് ഒരുങ്ങുന്നതായി വ്യക്തമാക്കുന്നതാണെന്നും അവര്‍ ആരോപിച്ചു. ‘ബി.ജെ.പി ജയിക്കുന്നതോ തോല്‍ക്കുന്നതോ ഈ ലോകത്തിന്റെ അവസാനമല്ല. എന്നാല്‍ അതു സ്ഥാപനങ്ങളില്‍ അട്ടിമറി നടത്തുമെന്നും മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയുണ്ടാക്കുമെന്നുമുള്ളതാണു സത്യം. ഈ സംവിധാനത്തിലുള്ള ആത്മാഭിമാനമുള്ള പലരും, മാധ്യമപ്രവര്‍ത്തകരടക്കം എഴുന്നേറ്റുനിന്ന് അവരുടെ ശബ്ദം ഉയര്‍ത്തുന്നുണ്ട്. എന്താണോ ശരി, അതിനുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഈ ഫലം ബാധിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.’- മെഹ്ബൂബ പറഞ്ഞു.
ഇ.വി.എം അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നു തള്ളിയിരുന്നു. യാതൊരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചരിച്ചത്. ഇന്ന് രാവിലെയാണ് എസ്.പി , ബി.എസ്.പി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടത്.
പല ബൂത്തുകളില്‍ നിന്നും ഇ.വി.എം മെഷീനുകള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്നായിരുന്നു പ്രതിപക്ഷം പരാതിയില്‍ പറഞ്ഞത്.
യു.പിയിലും ബീഹാറിലും ഹരിയാനയിലും സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം പരാതിയുമായി രംഗത്തെത്തിയത്.
പല സ്ട്രോങ് റൂമുകളില്‍ നിന്നും ഇ.വി.എമ്മുകള്‍ മാറ്റിയെന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വോട്ടെടുപ്പ് ദിവസം വരെ പ്രവര്‍ത്തകര്‍ സ്ട്രോങ് റൂമുകള്‍ക്ക് മുന്‍പില്‍ നിലയുറപ്പിക്കണമെന്നും വി.വിപാറ്റിലെ എണ്ണവും ഇ.വി.എമ്മിലെ എണ്ണവും കൃത്യമാണെന്നും ഓരോ ബൂത്തിലേയും പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷം പാര്‍ട്ടിപ്രവര്‍ത്തകരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെയായിരുന്നു അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിക്കുന്ന വീഡിയോകള്‍ പുറത്തുവന്നത്.
ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇവി.എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി. പുറത്ത് വരുന്ന വീഡിയോകള്‍ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്നതായാണ് കാണിക്കുന്നത്.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും പക്ഷെ ഇന്നാണ് മെഷീനുകള്‍ കൊണ്ടു വരുന്നതെന്നും വീഡിയോ പകര്‍ത്തിയ ആള്‍ പറയുന്നതായി കേള്‍ക്കാം.
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ്, എസ്.പി-ബി.എസ്.പി പ്രവര്‍ത്തകര്‍ സ്വന്തം പ്രവര്‍ത്തകരെ ഞായറാഴ്ച മുതല്‍ തന്നെ ചന്ദൗളി മാര്‍ക്കറ്റിന് സമീപമുള്ള സ്‌ട്രോങ് റൂമിന് പുറത്ത് പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തുന്നുണ്ട്. ഞായറാഴ്ച മുതല്‍ ഇവിടെ ഇ.വി.എമ്മുകള്‍ സൂക്ഷിയ്ക്കുന്നുണ്ട്.
ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്‌ട്രോങ്‌റൂമുകളിലേക്ക് ഇ.വി.എം നിറച്ച ട്രക്കുകള്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ യു.പിയിലെ തന്നെ ഝാന്‍സിയിലും ഇ.വി.എമ്മുകള്‍ മാറ്റിയതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം വോട്ടെണ്ണല്‍ കഴിയുന്നത് വരെ ഇ.വി.എമ്മുകള്‍ക്ക് എല്ലാ സമയവും പൊലീസ് സുരക്ഷ വേണമെന്നും സ്‌ട്രോങ് റൂമുകളിലേക്കും പുറത്തേക്കും ഇവ മാറ്റുന്നത് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാവണമെന്നുമാണ്.
പോളിങിന് ഉപയോഗിച്ച ഇ.വി.എമ്മുകള്‍ എത്തിക്കുന്ന അതേ ദിവസം തന്നെ റിസര്‍വ് ഇ.വി.എമ്മുകളും എത്തിക്കണമെന്നും ഇവ രണ്ടും പ്രത്യേക സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമുണ്ട്.