| Thursday, 29th August 2019, 8:37 am

എന്റെ ഉമ്മ തീവ്രവാദിയല്ല; മൂന്നാഴ്ചയായി മെഹ്ബൂബ മുഫ്തിയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് മകള്‍ സന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: തീവ്രവാദിയോട് പെരുമാറുന്നത് പോലെയാണ് മെഹ്ബൂബ മുഫ്തിയോട് അധികൃതര്‍ പെരുമാറുന്നതെന്ന് മകള്‍ സന ഇല്‍തിജ. ഇന്ത്യാ ടുഡേ ടി.വിയ്ക്കായി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിയോട് സംസാരിക്കുകായിരുന്നു സന.

‘മൂന്നാഴ്ചയില്‍ അധികമായി ഉമ്മയെ കാണാന്‍ സര്‍ക്കാര്‍ എന്നെ അനുവദിക്കുന്നില്ല. അവരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.’

ഉമ്മ വീട്ടുതടങ്കലിലാണെന്നിരിക്കെ എന്തിനാണ് ഞങ്ങള്‍ ഉമ്മയെ കാണുന്നതിന് തടസം സൃഷ്ടിക്കുന്നതെന്ന് മനസിലാകുന്നില്ല. എന്റെ ഉമ്മ തീവ്രവാദിയല്ല. അവര്‍ ഒരു മുന്‍ മുഖ്യമന്ത്രിയാണ്, രണ്ട് തവണ എം.പിയായ വ്യക്തിയാണ്. എന്നാല്‍ അവരെ ഒരു തീവ്രവാദിയെ പോലെയാണ് പരിഗണിക്കുന്നത്- സന പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെഹ്ബൂബ മുഫ്തി തടവുകാരിയെ പോലെയാണ് കഴിയുന്നതെന്നും എല്ലാ ദിവസവും രണ്ടോ മൂന്നോ തവണ അവരുടെ ബാഗുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സന പറഞ്ഞു. ഉമ്മയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ക്ക് നിരവധി തവണ കത്തയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നും സന കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടാണ് മെഹ്ബൂബ മുഫ്തിയടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലുള്ള ഇവരെ കാണാന്‍ ആരെയും അനുവദിക്കുന്നുമില്ല.

നേരത്തെ മുഫ്തിയെ കാണാന്‍ മാതാവ് ഗുല്‍ഷന്‍ മുഫ്തിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞിരുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു.

അതേസമയം മുഹമ്മദ് യൂസഫ് തരിഗാമി എം.എല്‍.എയെ സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് റിട്ട് പരിഗണിച്ചാണ് കോടതി നടപടി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more