'ബില്‍ എന്തിനാണ് പാസാക്കിയത്?; സ്വന്തം അംഗങ്ങളോട് ചോദിക്കൂ'; മുത്തലാഖ് ബില്ലിനെച്ചൊല്ലി തമ്മില്‍ത്തല്ലി കശ്മീരിലെ പ്രതിപക്ഷനേതാക്കള്‍
Triple Talaq
'ബില്‍ എന്തിനാണ് പാസാക്കിയത്?; സ്വന്തം അംഗങ്ങളോട് ചോദിക്കൂ'; മുത്തലാഖ് ബില്ലിനെച്ചൊല്ലി തമ്മില്‍ത്തല്ലി കശ്മീരിലെ പ്രതിപക്ഷനേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 9:13 pm

ന്യൂദല്‍ഹി: മുത്തലാഖ് ബില്ലില്‍ മോദിസര്‍ക്കാരിനെതിരെ പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയപ്പോള്‍, ജമ്മു കശ്മീരില്‍ പ്രതിപക്ഷകക്ഷി നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും തമ്മിലാണ് പോര് മുറുകുന്നത്.

സുപ്രീംകോടതി നിയമവിരുദ്ധമെന്നു വിശേഷിപ്പിച്ച ബില്‍ എന്തിനാണ് പാസാക്കിയെടുത്തതെന്നായിരുന്നു മെഹ്ബൂബയുടെ ചോദ്യം.

‘രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തികസ്ഥിതിയില്‍ ഈ ബില്‍ പാസാക്കിയെടുക്കലിനായിരുന്നോ പ്രാധാന്യം ? സുപ്രീംകോടതി നിയമവിരുദ്ധമെന്നു വിശേഷിപ്പിച്ച ബില്‍ പാസാക്കിയെടുത്തത് എന്തിനായിരുന്നുവെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. മുസ്‌ലിങ്ങളെ ദ്രോഹിക്കാന്‍ വേണ്ടി മാത്രമാണത്.’- മെഹ്ബൂബ ട്വീറ്റ് ചെയ്തു.

ഉടന്‍തന്നെ വന്നു ഒമറിന്റെ ട്വീറ്റ്. ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ നിങ്ങളുടെ എത്ര അംഗങ്ങള്‍ വോട്ട് ചെയ്‌തെന്ന് അന്വേഷിക്കാനായിരുന്നു ഒമര്‍ മെഹ്ബൂബയോട് പറഞ്ഞത്.

‘മെഹ്ബൂബ മുഫ്തി ജീ, ട്വീറ്റ് ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ എത്ര അംഗങ്ങള്‍ ബില്ലില്‍ വോട്ട് ചെയ്തു എന്നന്വേഷിക്കേണ്ടിയിരുന്നു. ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് സഭയില്‍ വരാതെ അവര്‍ ചെയ്തത്.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകുന്ന തരത്തിലാണ് ബില്‍ പാസാക്കിയത്.

2014 മുതല്‍ രാജ്യത്ത് മുസ്ലീങ്ങള്‍ നേരിടുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് മുത്തലാഖ് ബില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊണ്ടും പൊലീസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയില്‍ അടിയുറച്ച വിശ്വാസമുള്ളിടത്തോളം കാലം അവകാശനിഷേധങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിനു പിന്നാലെ നടന്ന വോട്ടെടുപ്പിലും സര്‍ക്കാരിന് അനുകൂലമായാണു കാര്യങ്ങള്‍ സംഭവിച്ചത്. ഇതോടെ മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകും.

99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിനിടെ എ.ഐ.ഡി.എം.കെ, ജെ.ഡി.യു അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ബി.എസ്.പി, ടി.ആര്‍.എസ്, ടി.ഡി.പി പാര്‍ട്ടി അംഗങ്ങള്‍ ആരുംതന്നെ സഭയിലുണ്ടായില്ല.

നേരത്തേ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തെ 100 പേര്‍ എതിര്‍ത്തപ്പോള്‍ അനുകൂലിച്ചത് 84 പേരാണ്.

ബില്ലില്‍ ഭേദഗതി വേണമെന്നുള്ളതുകൊണ്ടാണ് അത് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നേരത്തെ രണ്ടുതവണ ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോഴും പാസായിരുന്നില്ല. രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ 121 പേരുടെ പിന്തുണയാണ് സര്‍ക്കാറിന് ആവശ്യമുള്ളത്. 107 പേര്‍ എന്‍.ഡി.എയുടേതായി രാജ്യസഭയിലുണ്ട്.