| Wednesday, 21st November 2018, 11:47 pm

മഹാസഖ്യം അവരെ പരിഭ്രാന്തരാക്കി; അസംബ്ലി പിരിച്ചുവിട്ട നടപടിക്കെതിരെ മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പി.ഡി.പി-കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ചതിന് തൊട്ടു പിന്നാലെ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് അസംബ്ലി പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മഹാസഖ്യം ബി.ജെ.പിയെ പരിഭ്രാന്തരാക്കിയതായി അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ഞങ്ങളുടെ അപേക്ഷകള്‍ ചെവികൊള്ളാതെ പോകുന്നു. ആരു വിചാരിച്ചു മഹാസഖ്യം എന്ന ആശയം അവരെ ഇത്രയ്ക്ക് പരിഭ്രാന്തരാക്കുമെന്ന് മെഹ്ബൂബ മുഫ്തി തന്റെ ട്വിറ്ററില്‍ കുറിച്ചു.


Read More കാശ്മീരില്‍ അതിനാടകീയ നീക്കങ്ങള്‍; ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു


ടെക്‌നോളജിയുടെ ഈ യുഗത്തില്‍ ഗവര്‍ണ്ണര്‍ക്ക് തങ്ങളുടെ ഫാക്‌സ് സന്ദേശം ലഭിച്ചില്ലന്നത് വിചിത്രമായിരിക്കുന്നു. എന്നാല്‍ പെട്ടെന്നു തന്നെ അസംബ്ലി പിരിച്ചുവിടാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. മെഹ്ബൂബ മുഫ്തിയുടെ മറ്റൊരു ട്വീറ്റില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ഗവര്‍ണ്ണറുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഒരിക്കല്‍ കൂടി ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു എന്നായിരുന്നു തൃണമൂലിന്റെ ഡെറിക് ഒബ്രയാന്റെ പ്രതികരണം.

നേരത്തെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നെങ്കിലും ഗവര്‍ണറുടെ ഓഫസുമായി ബന്ധപ്പെടാനായിരുന്നില്ല. അസംബ്ലി പിരിച്ചു വിട്ടതോടെ ജമ്മു കാശ്മീരില്‍ അടുത്ത ആറു മാസത്തിനുള്ളി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നിലവില്‍ ജനാധിപത്യ സര്‍ക്കാര്‍ ഇല്ലാത്തതിനാലും, ഗവര്‍ണ്ണര്‍ ഭരണത്തിന്റെ കാലാവധി കഴിഞ്ഞതിനാലും അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വരും. 2018 ജൂണില്‍ ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ പിന്തുണ പിന്‍വലിച്ചതോടെയാണ് കശ്മീരിലെ പി.ഡി.പി.സര്‍ക്കാര്‍ വീഴുന്നത്.


Read More കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി; ഗവര്‍ണറുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി


ജമ്മു കശ്മീരിലെ 87 അംഗ നിയമസഭയില്‍ 44 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം. 54 എം.എല്‍.എമാരുടെ പിന്തുണയുണ്ടായിരുന്ന
കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ്- പി.ഡി.പി സഖ്യമായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവകാശപ്പെട്ട് ഗവര്‍ണ്ണരെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more