| Saturday, 25th May 2024, 1:41 pm

തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ഒരു കാരണവുമില്ലാതെ തടങ്കലിലാക്കി; കുത്തിയിരിപ്പ് സമരം നടത്തി മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെയും പോളിങ് ഏജന്റുമാരെയും കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് കുത്തിയിരിപ്പ് സമരം നടത്തി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് പ്രതിഷേധം നടന്നത്. പൊലീസ് സ്റ്റേഷന് പുറത്തായിരുന്നു മെഹബൂബ മുഫ്തി കുത്തിയിരിപ്പ് സമരം നടത്തിയത്.

തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെയും പോളിങ് ഏജന്റുമാരെയും ഒരു കാരണവുമില്ലാതെ തടങ്കലില്‍ വെക്കുന്നുവെന്നാരോപിച്ചായിരുന്നു മെഹബൂബ മുഫ്തി സമരം നടത്തിയത്. ‘രാവിലെ മുതല്‍ എനിക്ക് ഫോണ്‍ കോളുകളൊന്നും ചെയ്യാന്‍ പറ്റുന്നില്ല. അന്വേഷിച്ചപ്പോള്‍ ഒരു വിശദീകരണവും കിട്ടിയില്ല,’ മെഹബൂബ മുഫ്തി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരെ തെരെഞ്ഞെടുപ്പിനു മുന്‍പ് അറസ്റ്റ് ചെയ്തതായി കാണിച്ച് വെള്ളിയാഴ്ച തെരെഞ്ഞെടുപ്പ് കമ്മീഷന് മെഹബൂബ മുഫ്തി പരാതി നല്‍കിയിരുന്നു.

വോട്ടിങിന് തൊട്ടുമുമ്പ് ഞങ്ങളുടെ പി.ഡി.പി പോളിങ് ഏജന്റുമാരെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റടിയിലെടുത്തു. ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനുകളില്‍ പോയപ്പോള്‍ തൃപ്തികരമായ ഒരുത്തരമല്ല തങ്ങള്‍ക്ക് ലഭിച്ചതെന്നും മെഹബൂബ മുഫ്തി എക്സില്‍ പങ്കുവെച്ചു.

ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്-രജൗരിയില്‍ നിന്നാണ് മെഹ്ബൂബ മുഫ്തി മത്സരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) നേതാവ് മിയാന്‍ അല്‍താഫ് അഹമ്മദാണ് എതിര്‍ സ്ഥാനാര്‍ത്ഥി. അനന്ത്‌നാഗ്-രജൗരി ഉള്‍പ്പെടെ കശ്മീരിലെ മൂന്ന് സീറ്റുകളില്‍ നിന്ന് ആരെയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല.

2019 ആഗസ്ത് 5-ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ പൊതു തെരെഞ്ഞെടുപ്പാണിത്. ജമ്മു, ബാരാമുള്ള, ശ്രീനഗര്‍, ഉധംപൂര്‍ എന്നീ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇതിനകം പൂര്‍ത്തിയായി.

Content Highlight: Mehbooba Mufti alleged that her party workers and polling agents are being detained in police stations “without any reason”

We use cookies to give you the best possible experience. Learn more