| Saturday, 2nd March 2019, 11:42 am

ജമ്മു കശ്മീരിലെ രാഷ്ട്രീയ വിഷയങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഉദാഹരണമാണ് ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചത്: മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. രാഷ്ട്രീയ വിഷയങ്ങളെ അധികാരം ഉപയോഗിച്ച് നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ രീതിയുടെ മറ്റൊരു ഉദാഹരണമാണ് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച നടപടിയെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

“ആശയങ്ങളുടെ പോരാട്ടമാണ് ജനാധിപത്യം. ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചത് അപലപനീയമാണ്. ജമ്മു കശ്മീരിലെ രാഷ്ട്രീയ വിഷയങ്ങളെ അടിച്ചമര്‍ത്തുകയെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ മറ്റൊരു ഉദാഹരമാണിത്”- മെഹബൂബ മുഫ്തി ട്വിറ്ററില്‍ പറഞ്ഞു.


“എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് അസ്വസ്ഥമാകുന്നത്. തീവ്ര ഹിന്ദു സംഘടനകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

കശ്മീരികള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത സംഘടന നിരോധിക്കപ്പെട്ടു. ബി.ജെ.പി വിരുദ്ധരെന്നാല്‍ ദേശദ്രോഹികളെന്നാണോ അര്‍ഥം?” എന്നും മെഹബൂബ മുഫ്തി ചോദിച്ചു.

നാഷണല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗറും ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു. “ആശയത്തെ ആശയംകൊണ്ട് മാത്രമേ നേരിടാനാകൂ.


ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചതിലൂടെ സര്‍ക്കാര്‍ ഫലത്തില്‍ ആ സംഘടനയുടെ പ്രശസ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ നീക്കം ജമ്മു കശ്മീരിലെ അനുരഞ്ജന നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും” അലി മുഹമ്മദ് സാഗര്‍ പറഞ്ഞിരുന്നു.

ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സംസ്ഥാനത്തെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തീവ്രവാദി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞായിരുന്നു നിരോധനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ യോഗത്തിനൊടുവിലായിരുന്നു നടപടി.

We use cookies to give you the best possible experience. Learn more