| Friday, 18th August 2023, 8:29 am

ആസാദിന് പൂര്‍വികരെ തിരഞ്ഞാല്‍ കുരങ്ങന്മാരെ കാണാന്‍ സാധിക്കും; എല്ലാവരും ഹിന്ദുക്കളെന്ന പരാമര്‍ശത്തില്‍ മെഹ്ബൂബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ഭൂരിഭാഗം മുസ്‌ലിങ്ങളും ഹിന്ദു മതത്തില്‍ നിന്ന് മതം മാറിയതാണെന്ന മുന്‍ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാനുമായ ഗുലാം നബി ആസാദിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി. ഗുലാം നബിക്കുള്ള തന്റെ പൂര്‍വികരെ കുറിച്ചുള്ള ധാരണ എന്താണെന്ന് തനിക്ക് അറിയില്ലെന്ന് മെഹ്ബൂബ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പക്ഷേ പിറകോട്ട് പോയി അന്വേഷിച്ചാല്‍ അദ്ദേഹത്തിന് ചിലപ്പോള്‍ പൂര്‍വികരായി കുരങ്ങന്‍മാരെ കാണാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

‘അദ്ദേഹം എത്ര ദൂരം പിറകെ പോയി എന്ന് എനിക്ക് അറിയില്ല. തന്റെ പൂര്‍വ്വികരെക്കുറിച്ച് അദ്ദേഹത്തിന് എന്ത് അറിവുണ്ടെന്നും എനിക്കറിയില്ല. തിരികെ പോയി അദ്ദേഹത്തിന്റെ പൂര്‍വികരെ തിരഞ്ഞാല്‍ ഒരു പക്ഷേ കുരങ്ങന്മാരെ കാണാന്‍ സാധിക്കുമെന്ന് ഞാന്‍ ഉപദേശിക്കുന്നു,’ മെഹ്ബൂബ പറഞ്ഞു.

അതേസമയം മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കണമെന്നും അതിന് മതമോ അതിര്‍ത്തികളോ ദേശീയതയോ നാഗരികതയോ വിഷയമാകരുതെന്നും രാഷ്ട്രീയ ജനദാതള്‍ നേതാവും രാജ്യസഭ എം.പിയുമായ മനോജ് ത്സാ പറഞ്ഞു.

ഡോഡ ജില്ലയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു മതങ്ങളുമായി ബന്ധപ്പെട്ട് ആസാദ് സംസാരിച്ചത്. ഇന്ത്യയില്‍ ആരും പുറത്ത് നിന്ന് വന്നവരല്ലെന്നും എല്ലാവരുടെയും വേരുകള്‍ ഹിന്ദുമതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

‘ചില മുസ്‌ലിങ്ങള്‍ പുറത്ത് നിന്ന് വന്നവരാണെന്ന് ചില ബി.ജെ.പി നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ആരും പുറത്തുനിന്നോ അകത്ത് നിന്നോ വന്നവരല്ല. 1,500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇസ്‌ലാം നിലവില്‍ വന്നത്. ഹിന്ദു മതം വളരെ പഴക്കമുള്ളതാണ്. മുസ്‌ലിങ്ങളില്‍ 10-20 പേര്‍ പുറത്ത് നിന്ന് വന്നവരായിരിക്കണം. അതില്‍ പലരും മുഗള്‍ സൈന്യത്തില്‍ ഉണ്ടായിരുന്നവരാണ്.

മറ്റെല്ലാ മുസ്‌ലിങ്ങളും ഇന്ത്യയില്‍ ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. ഇതിന് ഒരു ഉദാഹരണം കശ്മീരില്‍ കാണാം. 600 വര്‍ഷം മുമ്പ് കശ്മീരിലെ മുസ്‌ലിങ്ങള്‍ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. എല്ലാവരും ഹിന്ദു മതത്തില്‍ ജനിച്ചവരാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ തങ്ങളുടെ വീടാണെന്നും തങ്ങള്‍ ആരും പുറത്ത് നിന്ന് വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളും മുസ്‌ലിങ്ങളും മരിച്ചാലും ഈ മണ്ണില്‍ തന്നെ ലയിക്കുമെന്നും അതുകൊണ്ട് ഇരുവരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദുക്കള്‍ മരിക്കുമ്പോള്‍ മൃതദേഹം കത്തിക്കുന്നു, അവയുടെ ചിതാഭസ്മം വെള്ളം കലരുന്ന നദിയില്‍ നിക്ഷേപിക്കുന്നു. ഞങ്ങള്‍ ആ വെള്ളം കുടിക്കുന്നു.

അതുപോലെ മുസ്‌ലിങ്ങളുടെ മാംസവും അസ്ഥിയും രാജ്യത്തിന്റെ മണ്ണിന്റെ ഭാഗമാകുന്നു. അവരും ഈ മണ്ണിന്റെ ഭാഗമായി മാറുന്നു. അവരുടെ മാംസം ഭാരത മാതാവിന്റെ മണ്ണിന്റെ ഭാഗമാകുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഈ മണ്ണില്‍ ലയിക്കുന്നു. ഇവര്‍ തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്,’ ആസാദ് പറഞ്ഞു.

content highlights: Mehbooba mufti against gulam nabi azad

We use cookies to give you the best possible experience. Learn more