ശ്രീനഗര്‍: താലിബാന്‍ ഇനി മുതല്‍ യഥാര്‍ത്ഥ ശരീഅത്ത് നിയമം അനുസരിച്ച് മാത്രം ഭരിക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പൊതു പരിപാടിയിലായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രസ്താവന.
‘താലിബാന്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. താലിബാന്റെ മുന്‍കാല ചരിത്രം മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നുള്ള കാര്യം അവര്‍ ഓര്‍മിക്കണം. അവര്‍ പറയുന്നതല്ലാത്ത, സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന യഥാര്‍ത്ഥ ശരീഅത്ത് നിയമമായിരിക്കണം താലിബാന്‍ അനുസരിക്കേണ്ടത്. മറ്റു രാജ്യങ്ങളുമായി നല്ല ബന്ധങ്ങളുണ്ടാക്കാന്‍ ഇത് അനിവാര്യമാണ്,’ മെഹബൂബ മുഫ്തി പറഞ്ഞു.
താലിബാന്‍ 90കളില്‍ നടത്തിയ രീതിയിലുള്ള നടപടികളുമായാണ് മുന്നോട്ട് പോവുന്നതെങ്കില്‍ അഫ്ഗാനിസ്ഥാന് മാത്രമല്ല ലോകത്തിനൊന്നാകെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക തത്വങ്ങള്‍ അനുസരിച്ചുള്ള മികച്ച ഭരണമായിരിക്കണം താലിബാന്‍ കാഴ്ച വെക്കേണ്ട്ത് എന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മെഹബൂബ മുഫ്തിയുടെ ഈ പ്രതികരണം.
മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ താലിബാന്‍ ശ്രമിച്ചാല്‍ മാത്രമേ മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.
‘പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ക്ക് മികച്ച രീതിയിലുള്ള സര്‍ക്കാരിനെ താലിബാന്‍ നല്‍കണം,’ ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നേതാവായ ഫാറൂഖ് അബ്ദുള്ള ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്ന നിലപാടാണ് ജമ്മു ആന്റ് കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയുമായിരുന്നു എന്നാണ് പാര്‍ട്ടി പറയുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്.