| Tuesday, 28th February 2023, 2:23 pm

കശ്മീരില്‍ നിന്നും തീവ്രവാദം തുടച്ചുനീക്കിയെങ്കില്‍ സഞ്ജയ് ശര്‍മയെ കൊന്നത് ആരെന്ന് മെഹബൂബ മുഫ്തി; ഭീകരരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. സഞ്ജീവ് ശര്‍മ എന്ന യുവാവാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട സഞ്ജയ് ശര്‍മ്മയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഫ്തി. കാശ്മീരില്‍ നിന്നും തീവ്രവാദം തുടച്ചുനീക്കപ്പെട്ടെങ്കില്‍ ആരാണ് സഞ്ജയ് ശര്‍മയെ കൊലപ്പെടുത്തിയത് എന്നായിരുന്നു മുഫ്തിയുടെ പരാമര്‍ശം.

കൊല്ലപ്പെട്ട കാശ്മീരി പണ്ഡിറ്റിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

കശ്മീര്‍ താഴ്വാരകളിലെ സ്ഥിതി മോശമായത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണെന്നും, ഇത് മെച്ചപ്പെടുത്താന്‍ എന്താണ് കേന്ദ്രം ചെയ്തതെന്ന് മുഫ്തി ചോദിക്കുന്നുണ്ട്.

‘കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തിനിടയാക്കിയ സംഭവത്തെ അപലപിക്കുന്നു. ഒരുകാലത്ത് കശ്മീരി പണ്ഡിറ്റുകളെ സഹായിച്ചിരുന്നവരാണ് മുസ്ലിങ്ങള്‍. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്വന്തം നിലനില്‍പ്പ് തന്നെ ആശങ്കയാണ്.

തീവ്രവാദം കുറക്കുന്നുവെന്ന പേരില്‍ കേന്ദ്രം ആകെ ചെയ്യുന്നത് മുസ്ലിങ്ങളെ ജയിലിലടക്കുകയും, അവര്‍ക്കെതിരെ ഇ.ഡി റെയ്ഡ് കൊണ്ടുവരികയും മാത്രമാണ്.’ മെഹബൂബ മുഫ്തി പറഞ്ഞു.

എന്ത് വിലകൊടുത്തും കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1947 ല്‍ രാജ്യത്ത് വര്‍ഗീയ കലാപം നടക്കുമ്പോള്‍ ഹിന്ദുക്കളെയും സിഖുകാരെയും എല്ലാം രക്ഷപ്പെടുത്തിയത് നിങ്ങള്‍ ഇന്ന് കുറ്റപ്പെടുത്തുന്ന മുസ്ലിങ്ങള്‍ തന്നെയാണ്. കശ്മീരി പണ്ഡിറ്റുകളുടെ പ്രയാസങ്ങള്‍ പറഞ്ഞ് നിങ്ങള്‍ സിനിമയിറക്കി. അതുവഴി വിദ്വേഷം പ്രചരിപ്പിച്ചു. പക്ഷെ കശ്മീരി പണ്ഡിറ്റുകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയായിരുന്നു സഞ്ജയ് ശര്‍മ വെടിയേറ്റ് മരിച്ചത്.

അതേസമയം സഞ്ജയ് ശര്‍മയെ കൊലപ്പെടുത്തിയ ഭീകരരെ ഏറ്റുമുട്ടലില്‍ സുരക്ഷ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ആകിബ് മുഷ്ത്താക് ഭട് എന്നയാളെയാണ് സൈന്യം കൊലപ്പെടുത്തിയത്.

Content Highlight: Mehbooba mufthi slams BJP

We use cookies to give you the best possible experience. Learn more