| Sunday, 29th September 2024, 3:50 pm

ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസറുല്ലയടക്കമുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ഹിസ്ബുല്ല മേധാവി ഹസന്‍ നസറുല്ലയടക്കം ലെബനിലും ഗസയിലും ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് പി.ഡി.പി നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഹസന്‍ നസറുല്ല രക്തസാക്ഷിയാണെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

ഹിസ്ബുല്ല നേതാവ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനിന് മെഹബൂബ മുഫ്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. ജമ്മു കശ്മീരില്‍ ഇന്ന് (ഞായറാഴ്ച) നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെക്കുന്നതായും പി.ഡി.പി നേതാവ് പറഞ്ഞിരുന്നു.

ശനിയാഴ്ച തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മെഹബൂബ മുഫ്തി നസറുല്ലയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ചത്.

‘ലെബനനിലെയും ഗസയിലേയും രക്തസാക്ഷികള്‍ക്ക് പ്രത്യേകിച്ച് ഹസന്‍ നസറുല്ലയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ നടക്കാനിരിക്കുന്ന പി.ഡി.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെക്കുന്നു. ചെറുത്തുനില്‍പ്പിന്റെയും ദുഃഖത്തിന്റെയും ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങളോടൊപ്പം നില്‍ക്കുന്നു,’ മെഹബൂബ മുഫ്തി എക്‌സില്‍ കുറിച്ചു.

ഇസ്രഈല്‍ സേന ഹസന്‍ നസറുല്ലയെ കൊലപ്പെടുത്തിയതിനെതിരെ ശനിയാഴ്ച ജമ്മു കശ്മീരിലെ ബുദ്ഗാമിലും ശ്രീനഗറിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നിരുന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരം ബെയ്റൂട്ടിലെ ദഹിയയില്‍ ഇസ്രഈല്‍ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് പുറമെ സംഘടനയുടെ കമാന്‍ഡര്‍ അലി അക്കാരി, ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ എന്നിവരേയും വധിച്ചതായി ഇസ്രഈല്‍ സൈന്യം അറിയിച്ചിരുന്നു.

ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചിരുന്നു. ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയിലാണ് ശനിയാഴ്ച്ച നടന്ന വ്യോമാക്രമണത്തില്‍ നേതാവ് കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നത്.

Content Highlight: Mehbooba mufthi  expressed solidarity with hasan nasarullah and others who were killed in isreal attack

Latest Stories

We use cookies to give you the best possible experience. Learn more