ന്യൂദല്‍ഹി: രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിനെ ആയുധമാക്കിയിരിക്കുകയാണ് ഭരണകൂടമെന്ന് പി.ഡി.പി നേതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
ഇതു സംബന്ധിച്ച് ഇ.ഡിയ്ക്ക് കത്തയച്ചതായും മുഫ്തി പറഞ്ഞു. കശ്മീരില്‍ നിരവധി പേരെ വ്യാജ പരാതികളുടെ പേരില്‍ ചോദ്യം ചെയ്‌തെന്നും കത്തില്‍ പറയുന്നു.
താനുമായി ബന്ധമുള്ളവരെ ഇ.ഡി ചോദ്യം ചെയ്തെന്നും മുഫ്തി തന്റെ കത്തില്‍ പറയുന്നു.
‘ഇ.ഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരെല്ലാം താനുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ്. ഇവരോടുള്ള ചോദ്യങ്ങളില്‍ ഭൂരിഭാഗവും എന്നേപ്പറ്റിയായിരുന്നു. എന്റെ രാഷ്ട്രീയം, സാമ്പത്തിക ഇടപാടുകള്‍, സഹോദരിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെപ്പറ്റിയായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും’, കത്തില്‍ പറയുന്നു.
രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഇ.ഡിയെ ഉപയോഗിക്കുന്നത് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സവിശേഷതയാണെന്ന കാര്യം വ്യക്തമാണ്. നിങ്ങളോട് ഒരു കാര്യം വ്യക്തമാക്കുകയാണ്. ഞാനൊരു ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയ പ്രതിനിധിയാണ്. ഇ.ഡിയുടെ ഏത് തരത്തിലുള്ള ചോദ്യം ചെയ്യലും നേരിടാന്‍ തയ്യാറാണ്. നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ച് മാത്രമായിരിക്കണം ഇത്തരം നടപടിക്രമങ്ങള്‍ എന്ന് മാത്രമെ പറയാനുള്ളു, മുഫ്തി പറഞ്ഞു.
നേരത്തെ ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണവിധേയനായ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് രംഗത്തെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടി രൂപയുടെ ആസ്തി ഇ.ഡി കണ്ടുകെട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കേസില്‍ ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് ചോദ്യംചെയ്തിരുന്നു.
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫാറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്തതെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക