മെഹ്ബൂബ മുഫ്തി രാജിവെച്ചെന്ന് റിപ്പോര്‍ട്ട്; കശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത
Jammu and Kashmir
മെഹ്ബൂബ മുഫ്തി രാജിവെച്ചെന്ന് റിപ്പോര്‍ട്ട്; കശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th June 2018, 3:17 pm

 

ജമ്മു കശ്മീര്‍: പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതിനു പിന്നാലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ഇനി രാഷ്ട്രപതി ഭരണത്തിലേക്കു പോകാനാണ് സാധ്യത.

ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറുന്ന കാര്യം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. നേരത്തെ പി.ഡി.പിയുമായി സഖ്യത്തിലെത്തുന്ന വേളയിലും ബി.ജെ.പി ഇതു തന്നെയാണ് പറഞ്ഞിരുന്നത്.

ജമ്മുകശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം തുടരുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ച് അസാധ്യമായിരിക്കുകയാണെന്ന് പറഞ്ഞാണ് രാം മാധവ് തീരുമാനം പ്രഖ്യാപിച്ചത്. ദല്‍ഹിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി യോഗം ചേര്‍ന്ന ശേഷമായിരുന്നു പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്.


Also Read:കശ്മീര്‍ സഖ്യം പിരിയാന്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയ കാരണങ്ങള്‍ ഇവയാണ്


 

റംസാനിനുശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പി.ഡി.പിയുടെ നിലപാടാണ് സഖ്യം പിരിയാനിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടാണ് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേത്. എന്നാല്‍ അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സഖ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തങ്ങളുടെ വികസന അജണ്ട നടപ്പിലാക്കാന്‍ പി.ഡി.പിക്ക് കഴിയുന്നില്ലെന്നാണ് ബി.ജെ.പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ക്രമസമാധാന നിലയുടെ കാര്യത്തില്‍ പി.ഡി.പി സര്‍ക്കാര്‍ പരാജയമാണ്. കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ പി.ഡി.പി സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.

87 സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. ഇതില്‍ 28 സീറ്റുകളിലാണ് പി.ഡി.പി വിജയിച്ചത്. 25 സീറ്റുകളില്‍ ബി.ജെ.പിയും 15 സീറ്റുകളില്‍ നാഷണല്‍ കോണ്‍ഗ്രസും 12 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചിരുന്നു.