| Wednesday, 23rd December 2020, 4:44 pm

ജമ്മുകശ്മീരിന് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാന്‍ ഒത്തുചേര്‍ന്നു; പ്രത്യേക പദവി പുനസ്ഥാപിക്കുന്നതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഗുപ്കാര്‍ സഖ്യത്തിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി.

ഗുപ്കാര്‍ സഖ്യത്തിന്റെ വിജയം സന്തോഷം നല്‍കുന്നുവെന്നും എന്നാല്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടുന്നതുവരെ ഒരു തെരഞ്ഞെടുപ്പിലും താന്‍ ഇനി മത്സരിക്കില്ലെന്നുമാണ് മുഫ്തിയുടെ പ്രതികരണം. എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഫ്തി തന്റെ നിലപാടറിയിച്ചത്.

‘നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാര്യമെടുക്കാം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാതെ ഇനിയുള്ള ഒരു തെരഞ്ഞെടുപ്പിലും ഞാന്‍ മത്സരരംഗത്തേക്കിറങ്ങില്ല.സഖ്യത്തില്‍ പലരും എതിര്‍പക്ഷത്തായിരുന്നു. എന്നാല്‍ ജമ്മു കശ്മീര്‍ എന്ന ഒറ്റലക്ഷ്യത്തിനായി ഞങ്ങള്‍ ഒന്നുചേര്‍ന്നു. എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ കശ്മീരികളാണ്. തെരഞ്ഞെടുപ്പിനെ പറ്റി മാത്രമല്ല ഞങ്ങളുടെ ചര്‍ച്ച. കശ്മീരികള്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാന്‍ വേണ്ടിയാണിത്’, മുഫ്തി പറഞ്ഞു.

ജമ്മുകശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജമ്മു-കശ്മീരിലെ 20 ജില്ലകളില്‍ 13ലും ഗുപ്കാര്‍ സഖ്യമാണ് വിജയിച്ചത്. ജമ്മുവിലെ ആറ് ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.

100 സീറ്റുകളിലാണ് ഗുപ്കാര്‍ മുന്നണി വിജയിച്ചത്. 74 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 26 സീറ്റുകളാണ് നേടാനായത്. കശ്മീരില്‍ മാത്രം 72 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം വിജയിച്ചപ്പോള്‍ മൂന്ന് സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

വിജയത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് ഗുപ്കാര്‍ സഖ്യത്തിന്റെ നേതാവും ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ.പി തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഒമര്‍ അബ്ദുള്ള പറഞ്ഞത്.

അതേസമയം തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാന്‍ ബി.ജെ.പി ഇതുവരെ തയ്യാറായിട്ടില്ല. തങ്ങളല്ല പരാജയപ്പെട്ടതെന്നും ഗുപ്കാര്‍ സഖ്യത്തിനാണ് പരാജയം സംഭവിച്ചതെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തേക്കാള്‍ ബി.ജെ.പിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വോട്ട് നേടിയെന്നും ഗുപ്കാര്‍ സഖ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെന്നുമായിരുന്നു ബി.ജെ.പി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mehabooba mufti On JK DDC Election Results

We use cookies to give you the best possible experience. Learn more