| Wednesday, 25th November 2020, 7:07 pm

ദവീന്ദര്‍ സിംഗ് ഉള്‍പ്പെട്ട തീവ്രവാദ കേസ്; മെഹ്ബൂബ മുഫ്തിയുടെ അനുയായി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീകരവാദ ബന്ധമാരോപിച്ച് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അനുയായിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. പി.ഡി.പിയുടെ യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരായെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അറസ്റ്റ്. നവീദ് ഉള്‍പ്പെട്ട തീവ്രവാദകേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വഹീദിനെയും അറസ്റ്റ് ചെയ്തത്.

ഹിസ്ബുള്‍ കമാന്‍ഡര്‍ നവീദ് ബാബു-ദേവിന്ദര്‍ സിംഗ് എന്നിവരുള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് പി.ഡി.പി നേതാവ് വഹീദ് പരെയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരിക്കുകയാണ്,എന്‍.ഐ.എ സംഘം എന്‍ഡിടിവിയോട് പ്രതികരിച്ചു.

അതേസമയം ബുധനാഴ്ചയോടെ ദല്‍ഹിയിലെത്തിയാണ് അന്വേഷണസംഘം വഹീദിനെ കസ്റ്റഡിയിലെടുത്തത്. വഹീദിനെ എന്‍.ഐ.എ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത് വരികയാണെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ സ്വന്തം വാഹനത്തില്‍ കടത്തിയ കേസില്‍ മുന്‍ ഡി.എസ്.പി ദേവിന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ടാണ് വഹീദിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് എന്‍.ഐ.എയുടെ പ്രതികരണം.

കേസിലെ മറ്റു പ്രതികളായ നവീദ് ബാബു, ദേവിന്ദര്‍ സിങ് തുടങ്ങിയവരുമായി ഗൂഢാലോചന നടത്തിയെന്നാണ് വഹീദിനെതിരായ കേസ്.

തെക്കന്‍ കശ്മീരില്‍ പുല്‍വാമയടക്കം നിരവധി പ്രദേശങ്ങളില്‍ പി.ഡി.പിയുടെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ചയാളാണ് വഹീദ് പരാ. ഈയടുത്തായി നടക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രികയും അദ്ദേഹം സമര്‍പ്പിച്ചിരുന്നു.

അതേസമയം വഹീദിന്റെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്തെത്തിയിട്ടുണ്ട്. യാതൊരു തീവ്രവാദ ബന്ധവുമുള്ളയാളല്ല വഹീദെന്നും മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നും മുഫ്തി പറഞ്ഞു.

കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയും പി.ഡി.പിയേയും ബ്ലാക്‌മെയില്‍ ചെയ്യാനും തങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുമുള്ള ഗൂഢതന്ത്രമാണിതെന്നും മുഫ്തി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mehabooba Meftis Close Aide Arrested By NIA

We use cookies to give you the best possible experience. Learn more