|

എൻ്റെ മുടിക്ക് ഒറിജിനൽ നിറമാണോ എന്നായിരുന്നു അന്ന് മമ്മൂക്കയുടെ സംശയം: മേഘ്‌ന രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടിയാണ് മേഘ്‌ന. പിന്നീട് രഘുവിന്റെ സ്വന്തം റസിയ എന്ന വിനയന്‍ ചിത്രത്തിലും മേഘ്‌ന അഭിനയിച്ചു.

എന്നാൽ ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെയാണ് മേഘ്ന ശ്രദ്ധ നേടുന്നത്. ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലെ മുൻനിര അഭിനേതാക്കളോടൊപ്പമെല്ലാം അഭിനയിച്ച മേഘ്‌ന മലയാള സിനിമയിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

ആഗസ്റ്റ് 15 എന്ന ചിത്രത്തിലാണ് താൻ മമ്മൂട്ടിയോടൊപ്പം അഭനയിക്കുന്നതെന്നും തന്റെ മുടിയുടെ നിറം ഒറിജിനലാണോയെന്ന് അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നുവെന്നും മേഘ്‌ന പറയുന്നു. ഞാനാണ് മോഹൻലാൽ എന്ന് പറഞ്ഞാണ് മോഹൻലാൽ ആദ്യമായി തന്നോട് സംസാരിച്ചതെന്നും മേഘ്‌ന പറഞ്ഞു. മെമ്മറീസിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവവും മേഘ്‌ന കൂട്ടിച്ചേർത്തു.

‘മലയാളത്തിലെ രണ്ടാമത്തെ സിനിമ മമ്മുക്കയ്ക്കൊപ്പം ആയിരുന്നു. ‘ആഗസ്‌റ്റ് 15.’ അദ്ദേഹം വലിയ ചൂടനാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ചെറിയ പേടിയോടെയാണ് നിന്നത്. പരിചയപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ മമ്മുക്കയ്ക്കു സംശയം, ‘എൻ്റെ മുടിക്ക് ഒറിജിനൽ നിറമാണോ, അതോ കളർ ചെയ്‌തതാണോ’ എന്ന്. അൽപം ചെമ്പൻ നിറമാണ് എൻ്റെ മുടിക്ക്. അതൊക്കെ കൃത്യമായി അദ്ദേഹം ശ്രദ്ധിച്ചു.

‘റെഡ് വൈൻ’ ഷൂട്ടിങ്ങിന് മുമ്പാണ് ലാലേട്ടനെ ആദ്യമായി കണ്ടത്. ലൊക്കേഷനിൽ വച്ചു കണ്ടപ്പോൾ വിഷ് ചെയ്‌തിട്ട് ഞാൻ പേരു പറഞ്ഞു. ചിരിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു ചോദിച്ചത്. ‘മേഘ്‌നയ്ക്ക് അറിയാമോ ഞാനാരാണെന്ന്. ഞാൻ മോഹൻലാൽ’ എന്നായിരുന്നു.

‘നമുക്ക് പാർക്കാൻ’ എന്ന സിനിമയിൽ ജയസൂര്യയ്ക്ക് ഗസ്‌റ്റ് റോളാണ്. കർണാടക പൊലീസ് ഓഫീസറുടെ വേഷം. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിങ്ങേ ഉള്ളൂ. കന്നട ഡയലോഗുകളുടെ ഉച്ചാരണവും മറ്റും സംശയം തീർക്കാൻ എൻ്റെയടുത്ത് വരും. പക്ഷേ, ‘ബ്യൂട്ടിഫുളി’ൻ്റെ ലൊക്കേഷനിൽ വച്ച് ജയൻ എന്നെ പറ്റിച്ചു. മലയാളം അത്ര വഴങ്ങാത്തതുകൊണ്ട് ചില കോമഡി കേട്ടാൽ എനിക്കു മനസിലാകില്ല. ഡയലോഗിലെ വാക്കുകൾ തെറ്റിച്ചു പറഞ്ഞ് കളിയാക്കുന്നതായിരുന്നു ജയന്റെ വിനോദം.

മെമ്മറീസി’ലാണ് പ്യഥിരാജിനൊപ്പം അഭിനയിച്ചത്. എനിക്ക് റീഡിങ് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വായിക്കേണ്ട പുസ്‌തകങ്ങൾ സജസ്‌റ്റ് ചെയ്‌തു. ‘മെമ്മറീസി’ന്റെ പാട്ടുസീൻ ഷൂട്ട് ചെയ്‌തത് ഊട്ടിയിൽ കുറച്ച് റിമോട്ട് ആയ സ്‌ഥലത്താണ്. കാരവൻ അവിടേക്ക് വരില്ല.

ജീപ്പിലാണ് ഞങ്ങൾ പോയത്. ഒരു സീനിൽ എനിക്ക് കോസ്‌റ്റ്യൂം ചെയ്‌ഞ്ച് വേണം. ഹട്ട് പോലുള്ള റൂമാണ് അതിനായി സെറ്റ് ചെയ്തത്. കുറേ ചെറുപ്പക്കാർ കൂടി നിൽപ്പുണ്ട്. ഞാൻ സഹായിയുമായി ഹട്ടിലേക്ക് പോകുന്നത് കണ്ട് പൃഥ്വി എൻ്റെ സുരക്ഷയ്ക്കായി അദ്ദേഹത്തിൻ്റെ അസിസ്‌റ്റൻ്റ്സിനെ കൂടി വിട്ടു,’മേഘ്‌ന പറയുന്നു.

Content Highlight: Meghna Raj About her Malayalam Films