വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടിയാണ് മേഘ്‌ന. പിന്നീട് രഘുവിന്റെ സ്വന്തം റസിയ എന്ന വിനയന്‍ ചിത്രത്തിലും മേഘ്‌ന അഭിനയിച്ചു. എന്നാൽ ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെയാണ് മേഘ്ന ശ്രദ്ധ നേടുന്നത്. ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലെ മുൻനിര അഭിനേതാക്കളോടൊപ്പമെല്ലാം മേഘ്‌ന അഭിനയിച്ചിട്ടുണ്ട്.
കന്നഡയെക്കാൾ കൂടുതൽ താൻ മലയാളത്തിലാണ് അഭിനയിച്ചതെന്നും മലയാള സിനിമയിലേക്ക് വരുന്നത് ഒരു ഹോം കമിങ് ഫീലാണെന്നും മേഘ്‌ന പറയുന്നു. മലയാള സിനിമയെ കുറിച്ച് തന്റെ സുഹൃത്തുക്കൾ വാ തോരാതെ സംസാരിക്കുമ്പോൾ പണ്ടേ ഈ ഇൻഡസ്ട്രിയുടെ ഭാഗമായിരുന്ന എന്നോടാണോ ഇതെല്ലാം പറയുന്നതെന്ന് താൻ ചോദിക്കുമായിരുന്നുവെന്നും മേഘ്‌ന പറയുന്നു.
വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ അഭിനയിച്ച സമയത്ത് തന്നെ വിലക്കാനൊക്കെ ശ്രമിച്ചിരുന്നുവെന്നും അന്ന് പൃഥ്വിരാജിന്റെ നായികയായി ഒരു സിനിമ പ്ലാൻ ചെയ്‌തെങ്കിലും നടന്നില്ലെന്നും മേഘ്‌ന കൂട്ടിച്ചേർത്തു
‘ഹോം കമിങ് പോലെയാണ് മലയാളത്തിലേക്ക് വരുന്നത്. കന്നഡയെക്കാൾ കൂടുതൽ ഞാൻ അഭിനയിച്ചിട്ടുള്ളത് മലയാളത്തിലാണ്. ആദ്യസിനിമയായ യക്ഷിയും ഞാനും മുതൽ ബ്യൂട്ടിഫുൾ, മെമ്മറീസ് അങ്ങനെ ഒരുപാട് നല്ല റോളുകൾ കിട്ടി ചിരുവിനും മലയാളം സിനിമകൾ വലിയ ഇഷ്ടമാണ്.
അഞ്ചാംപാതിരയാണ് ഞങ്ങൾ അവസാനം കണ്ടത്. ഇപ്പോൾ ഒ.ടി.ടി.യിലൂടെ മലയാളം സിനിമകൾ കണ്ട് ഇവിടെയുള്ള ചില സുഹൃത്തുക്കൾ വാതോരാതെ സംസാരിക്കും. അപ്പോൾ ഞാൻ ചോദിക്കാറുണ്ട്. ‘പണ്ടേ ഈ ഇൻഡസ്ട്രിയുടെ ഭാഗമായിരുന്ന എന്നോടാണോയെന്ന്’.
എന്റെ അച്ഛനും അമ്മയുമൊക്കെ സിനിമയിലായിരുന്നു. ഏഴ് വയസ്സുള്ളപ്പോഴാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത്. ബാലതാരമായി പിന്നീട് പതിനേഴാം വയസിൽ കെ. ബാലചന്ദർ സാറിൻ്റെ സിനിമയിലൂടെ നായികയായി. ‘കാതൽ സൊല്ല വന്തേൻ’ സിനിമയുടെ ട്രിച്ചിയിലെ ലൊക്കേഷനിൽ വന്നാണ് വിനയൻ സാർ കാണുന്നത്. അങ്ങനെ യക്ഷിയും ഞാനുമിലൂടെ മലയാളത്തിലേക്ക്. ഷൂട്ടിങ് കഴിഞ്ഞ് ബെംഗളൂരുവിൽ എത്തിയ ശേഷമാണ് അമ്മ സംഘടനയുമായുള്ള പ്രശ്‌നമൊക്കെ അറിഞ്ഞത്.
വിനയൻ സാറിൻ്റെ രഘുവിൻ്റെ സ്വന്തം റസിയയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴേക്കും കഥ മാറി. എന്നെ വിലക്കാനൊക്കെ നീക്കം നടന്നു. പൃഥിരാജിന്റെ നായികയായി പുതിയ സിനിമ കരാറായെങ്കിലും ചെയ്യാൻ പറ്റിയില്ല. മലയാളി അല്ലാത്തതിനാൽ പ്രശ്‌നത്തിൻ്റെ ഗൗരവം അറിയില്ലായിരുന്നു എന്നു കാണിച്ച് സംഘടനാ ഭാരവാഹികൾക്ക് കത്തു നൽകി. പിന്നെ എങ്ങനെയോ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. വിനയൻ സാറിനോടും കുടുംബത്തോടും അന്നും ഇന്നും വളരെ അടുപ്പമുണ്ട്,’മേഘ്ന പറയുന്നു.
Content Highlight: Meghna Raj About A Dropped Project With Prithviraj