| Monday, 9th August 2021, 4:16 pm

'കുഞ്ഞിനെ നസ്രിയ വിളിക്കുന്നത് ഒരു പേരും അനന്യ വിളിക്കുന്നത് മറ്റൊരു പേരുമാണ്'; സുഹൃത്തുക്കള്‍ ഇപ്പോഴും കൂടെയുണ്ടെന്ന് മേഘ്‌ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും വലിയ ധൈര്യം തന്നത് സുഹൃത്തുക്കള്‍ കൂടിയാണെന്ന് നടി മേഘ്‌ന. നടിമാരായ അനന്യയും നസ്രിയയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് മേഘ്‌ന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്.

അതേ സുഹൃത്തുക്കളെക്കുറിച്ചാണ് മേഘ്‌നയിപ്പോള്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നസ്രിയയും അനന്യയും തന്റെ കുഞ്ഞിനെ വിളിക്കുന്ന പേരുകളെക്കുറിച്ചാണ് മേഘ്‌ന സംസാരിക്കുന്നത്.

‘ദിഷ്ടു എന്നാണ് അനന്യ കുഞ്ഞിനെ വിളിക്കുന്നത്. നസ്രിയ വിളിക്കുന്നത് ചുമ്പക് എന്നാണ്. പലരും പല പേരുകള്‍ വിളിക്കും. ചിന്റു എന്നാണ് അച്ഛന്‍ വിളിക്കുന്നത്. ബങ്കാര എന്ന് അമ്മ വിളിക്കും. ചിന്നു, മിന്നു എന്നാണ് എന്റെ വിളികള്‍. വിളികേട്ടാല്‍ തന്നെ അവന്‍ ചിരിക്കും. ചിരുവിന്റെ ആരാധകര്‍ വിളിക്കുന്നത് ജൂനിയര്‍ സി എന്നാണ്. സിംബാ എന്ന് വിളിക്കുന്നവരുമുണ്ട്,’ മേഘ്‌ന പറഞ്ഞു.

സുഹൃത്തുക്കള്‍ ഇപ്പോഴും കൂടെയുണ്ടെന്നും രണ്ട് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് യഥാര്‍ത്ഥ പേരിടല്‍ ചടങ്ങ് നടത്താനിരിക്കുകയാണെന്നും മേഘ്‌ന പറഞ്ഞു.

മേഘ്ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. കുഞ്ഞാണ് ഇനി തന്റെ ലോകമെന്നാണ് ഭര്‍ത്താവിന്റെ മരണശേഷം മേഘ്‌ന പ്രതികരിച്ചത്.

നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് മേഘ്ന. വി.കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന സിനിമ മലയാളത്തില്‍ മേഘ്നയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Meghana Raj says about Nazriya and Ananya

We use cookies to give you the best possible experience. Learn more