| Tuesday, 9th March 2021, 9:19 am

പാപ്പരാസികളും അവര്‍ പടര്‍ത്തുന്ന വര്‍ണ്ണവെറിയുമാണ് ഞങ്ങള്‍ ബ്രിട്ടണ്‍ ഉപേക്ഷിക്കാന്‍ കാരണം: പ്രിന്‍സ് ഹാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക് : പാപ്പരാസികളും അവരിലൂടെ സമൂഹത്തില്‍ പടര്‍ന്നുപ്പിടിച്ചിരിക്കുന്ന വംശീയതുയമാണ് തങ്ങള്‍ ഇംഗ്ലണ്ട് ഉപേക്ഷിക്കാനുള്ള പ്രധാന കാരണമെന്ന് വെളിപ്പെടുത്തി പ്രിന്‍സ് ഹാരി. പ്രമുഖ അവതാരക ഒപ്രാ വിന്‍ഫ്രി സി.ബി.എസിനു വേണ്ടി നടത്തിയ അഭിമുഖത്തിലാണ് പാപ്പരാസികള്‍ക്കും ബ്രിട്ടണില്‍ നിലനില്‍ക്കുന്ന വര്‍ണ്ണവെറിക്കുമെതിരെ പ്രിന്‍സ് ഹാരി സംസാരിച്ചത്.

യു.കെയുടെ ടാബ്ലോയ്ഡ് /പാപ്പരാസി മാധ്യമങ്ങള്‍ വര്‍ഗീയതയിലൂടെ സമൂഹത്തിലാകെ ഭീതി പരത്തി വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പ്രിന്‍സ് ഹാരി പറഞ്ഞു. പിതാവായ ചാള്‍സ് രാജകുമാരന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ഇതൊക്കെ എങ്ങനെയോ സഹിച്ച് നില്‍ക്കുയാണെന്നും ഹാരി കൂട്ടിച്ചേര്‍ത്തു.

ഹാരിയുടെ ഭാര്യ മേഗന്‍ മെര്‍ക്കലും സോഷ്യല്‍ മീഡിയക്കും മാധ്യമങ്ങള്‍ക്കുമെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. തന്നെയും ഹാരിയെയും കുറിച്ചുവന്നിരുന്ന പല കെട്ടുകഥകളെയും പ്രതിരോധിക്കാന്‍ രാജകുടുംബത്തിനായില്ലെന്നും മേഗന്‍ പറഞ്ഞു.

നിരന്തരം വംശീയാധിക്ഷേപങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മേഗന് ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്ന കാലത്ത് എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഹാരി അഭിമുഖത്തില്‍ പറഞ്ഞു. രാജകുടുംബത്തിലെ ആരുമായും ഇത് തുറന്നു സംസാരിക്കാനും സാധിക്കില്ലായിരുന്നുവെന്നും ഹാരി കൂട്ടിച്ചേര്‍ത്തു.

‘വംശീയ വിവേചനത്തിനെതിരെ എന്റ കുടുംബം ശക്തമായ ഒരു നിലപാട് എടുത്തില്ല എന്നതില്‍ താന്‍ ഏറെ ദുഃഖിക്കുന്നുണ്ട്. സംസാരിക്കാന്‍ പോലും ആരുമില്ലാതിരുന്ന ഒരു സാഹചര്യമായിരുന്നു നേരിട്ടത്. പ്രശ്നങ്ങള്‍ മേഗനെ മാത്രം ബന്ധപ്പെട്ടായിരുന്നില്ല. അവള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തെകൂടി സംബന്ധിക്കുന്നതായിരുന്നു,” ഹാരി പറഞ്ഞു.

രാജകുടുംബത്തില്‍ നിന്നും പുറത്തുപോകാന്‍ കാരണം മേഗനാണോ എന്ന ചോദ്യത്തിന് ഹാരിക്ക് വേണ്ടി ഞാന്‍ എല്ലാം ഉപേക്ഷിച്ചുവെന്നാണ് മേഗന്‍ മറുപടി നല്‍കിയത്. മേഗന് വേണ്ടിയല്ലാതെ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇത്തരമൊരു തീരുമാനം എടുക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല, എനിക്ക് സാധിക്കുമായിരുന്നില്ല, ഞാനും അവിടെ കുടുങ്ങിപ്പോയിരിക്കുകയായിരുന്നു എന്നാണ് ഹാരി പറഞ്ഞത്.

‘ ഞാന്‍ ഈ വ്യവസ്ഥിതിക്കുള്ളില്‍ കുടുങ്ങിപ്പോയ ആളാണ്. എന്റെ അച്ഛനും, സഹോദരനുമെല്ലാം അങ്ങനെ തന്നെയാണ്. അവര്‍ക്ക് പുറത്തുകടക്കാന്‍ സാധിക്കില്ല,” ഹാരി പറഞ്ഞു.

രാജകുടുംബത്തില്‍ നിന്നും പുറത്തുവന്നതിന് ശേഷമുള്ള ഹാരിയുടെയും മേഗന്റെയും ആദ്യ അഭിമുഖമായിരുന്നു സി.ബി.എസില്‍ സംപ്രേക്ഷണം ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Meghan and Harry interview: Tabloid racism ‘large part’ of why we left UK, says Prince Harry

We use cookies to give you the best possible experience. Learn more