ഷില്ലോങ്: മേഘാലയ ജനവിധിയില്‍ ബി.ജെ.പിയ്ക്ക് വലിയ റോളൊന്നുമില്ലെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പ്രധാന തന്ത്രജ്ഞന്‍ ഹിമാന്ത ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാദേശിക കക്ഷികള്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഈ വിധി കോണ്‍ഗ്രസിന് എതിരായ വിധിയാണ്. എല്ലാ പാര്‍ട്ടികളും ഒരുമിച്ചു വിന്ന് ജനവിധി മാനിക്കുകയും കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യണം.” എന്നാണ് അദ്ദേഹം പറഞ്ഞത്.
“ഞങ്ങള്‍ക്ക് ഇവിടെ വലിയ റോളൊന്നുമില്ല. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളായ എന്‍.പി.പി, യു.ഡി.പി, പി.ഡി.എഫ്, എച്ച്.എസ്.പി.ഡി.പി എന്നിവരാണ് അത് ചെയ്യേണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കും. അവരുടെ ചര്‍ച്ചകള്‍ക്ക് ഊര്‍ജം പകരാന്‍ ബി.ജെ.പിക്കാവുമെന്ന് അവര്‍ക്ക് തോന്നുമ്പോഴെല്ലാം സഹായിക്കാനും പ്രചോദിപ്പിക്കാനും ഞങ്ങളുണ്ടാവും.” എന്നും ശര്‍മ്മ പറഞ്ഞു.
ഫെബ്രുവരി 27നാണ് മേഘാലയയിലെ 59 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 21ലേക്ക് ചുരുങ്ങി. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 31 എം.എല്‍.എമാര്‍ ആവശ്യമുണ്ട്.
19 സീറ്റുകള്‍ നേടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി. കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമാണ് എന്‍.പി.പി. എന്നാല്‍ മേഘാലയയില്‍ അവര്‍ ഒറ്റയ്ക്കു നിന്നാണ് മത്സരിച്ചത്.
ബി.ജെ.പി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമായ യു.ഡി.പി ആറു സീറ്റുകള്‍ നേടിയിരുന്നു. മൂന്ന് സ്വതന്ത്രരും യു.ഡി.പിയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യത്തിലെത്തിയ എച്ച്.എസ്.പി.ഡി.പിയും രണ്ടു സീറ്റുകള്‍ നേടിയിട്ടുണ്ട്. രണ്ടുസീറ്റുകളാണ് ബി.ജെ.പി നേടിയത്.