ഗുവാഹത്തി: മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലെ ഖനിയില്‍ അകപ്പെട്ട 15 പേര്‍ക്കായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും. നേവിയില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും മുങ്ങല്‍ വിദഗ്ദരും മറ്റും ഇന്ന് സംഭവസ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെ തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് പദ്ധതി.
ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ക്ക് ചെറിയ തുരങ്കത്തിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലുള്ള പരിചയക്കുറവും മൈനിലെ വെള്ളം പുറത്തുകളയാന്‍ തക്ക ശക്തിയുള്ള മോട്ടറുകളില്ലാത്തതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. ഇതു കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിദഗ്ദ സംഘങ്ങളെ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത്. നേവി, ഒഡീഷ ഫയര്‍ സര്‍വീസ്, കോള്‍ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് പുതുതായി തിരച്ചിലിനായി അപകടസ്ഥലത്തെത്തിയിരിക്കുന്നത്.
“നേവിയും ഒഡീഷ ഫയര്‍ സര്‍വീസും ശക്തിയേറിയ വാട്ടര്‍ പമ്പുകളുമായി സ്ഥലത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇതുവരെ എന്തൊക്കെ ചെയ്തുവെന്ന് അവര്‍ക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ പ്രാഥമിക സര്‍വേ നടത്തിയിട്ടുണ്ട്, നാളെ രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും”- ദേശിയ ദുരന്ത പ്രതികരണ സേനാ ഡെപ്യൂട്ടി കമാന്റന്റ് സന്തോഷ് കുമാര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.
ഡിസംബര്‍ 13നായിരുന്നു അപകടം. സമീപത്തുള്ള ലിറ്റീന്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടായതാണ് തൊഴിലാളികള്‍ ഖനിയില്‍ പെടാന്‍ കാരണമായത്. 70 അടി ഉയരത്തില്‍ ഖനിയില്‍ വെള്ളമുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവാതിരുന്ന സാഹചര്യമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ശക്തിയേറിയ മോട്ടോറുകളുടെ സഹായത്തോടെ വെള്ളത്തിന്റെ അളവ് കുറച്ച് രക്ഷാപ്രവര്‍ത്തനം നടത്താനാണ് പദ്ധതി.
ഇതുവരെ മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. ഖനിക്കകത്തു നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും അത് നല്ല സൂചനയല്ലെന്നും എന്‍.ഡി.ആര്‍.എഫ് പറഞ്ഞിരുന്നു.