ഷില്ലോങ്: മേഘാലയ ഭരിക്കുന്നത് ദൽഹിയിൽ നിന്നെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അസമിൽ നിന്ന് മേഘാലയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷില്ലോങ്: മേഘാലയ ഭരിക്കുന്നത് ദൽഹിയിൽ നിന്നെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അസമിൽ നിന്ന് മേഘാലയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം നാഗോണിലെ ആരാധനാലയം സന്ദർശിക്കാനാനെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു. ‘തെരഞ്ഞെടുപ്പിന്റെ സമയത്ത് മേഘാലയ സർക്കാരിനെ ഏറ്റവും വലിയ അഴിമതിക്കാർ എന്ന് വിളിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള അതേ സർക്കാരുമായി അവർ സഖ്യത്തിൽ ചേർന്നു. മേഘാലയ ഭരിക്കുന്നത് ഇവിടെ നിന്നല്ല. ദൽഹിയിൽ നിന്നാണ്. അത് അംഗീകരിക്കാൻ ആവില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.
40 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നും രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് മേഘാലയ സർക്കാരെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മണിപ്പൂർ വിഷയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും രാഹുൽ വിമർശിച്ചു.
‘നൂറുകണക്കിന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും ആയിരക്കണക്കിന് മനുഷ്യർ വംശീയ കലാപം മൂലം പലായനം ചെയ്യുകയും ചെയ്ത മണിപ്പൂർ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ആശങ്കാജനകമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനെ ബി.ജെ.പി ഗൗരവമായി കാണുന്നില്ല,’ അദ്ദേഹം പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്ന് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. വ്യാഴാഴ്ച സംസ്ഥാനത്ത് പ്രവേശിച്ചതു മുതൽ തങ്ങളുടെ കാൽനട ജാഥയെ തടസ്സപ്പെടുത്താൻ അസം സർക്കാർ ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്കിടയിലാണ് പൊലീസ് നീക്കം.
‘തന്റെ പാർട്ടി പ്രവർത്തകർ ഒരിക്കലും നിയമങ്ങൾ ലംഘിക്കുകയോ ക്രമസമാധാനം തകർക്കുകയോ ചെയ്തിട്ടില്ല. അതിനർത്ഥം ഞങ്ങൾ ദുർബലരാണ് എന്നല്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി ഉൾപ്പെടുന്ന 5,000 ത്തോളം കോൺഗ്രസ് പ്രവർത്തകർ ഗുവാഹത്തിയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയാൻ ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്.
Content Highlight: Meghalaya is not ruled from here, but from Delhi: Rahul Gandhi