പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുയര്‍ത്താന്‍ എതിര്‍പ്പാര്‍ട്ടിക്കാര്‍ വരെ ഭയക്കുന്ന സമയത്ത്, ബി.ജെ.പിക്കും മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവും മേഘാലയ ഗവര്‍ണറുമായ സത്യപാല്‍ മാലിക്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ധിക്കാരം കാരണം വാക്കുതര്‍ക്കത്തിലെത്തിയെന്നാണ് സത്യപാല്‍ മാലിക് കഴിഞ്ഞ ദിവസം പറഞ്ഞത്. നേരത്തെയും പല തവണ മോദിയെയും അമിത് ഷായെയും ബി.ജെ.പിയെയും, എന്തിന് ആര്‍.എസ്.എസിനെ വരെ മുള്‍മുനയില്‍ നിര്‍ത്തിയ പല പ്രസ്താവനകളും സത്യപാല്‍ മാലിക് നടത്തിയിട്ടുണ്ട്. വിവിധ പൊതുപരിപാടികളിലും മാധ്യമങ്ങള്‍ക്കും നല്‍കിയ അഭിമുഖങ്ങളിലും അഴിമതിക്കെതിരെ ബി.ജെ.പി കാര്യമായൊന്നും ചെയ്യുന്നില്ല എന്ന തരത്തിലും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ആരാണ് ബി.ജെ.പിക്കുള്ളില്‍ നിന്നുകൊണ്ട് ബി.ജെ.പിയെ വെല്ലുവിളിക്കുന്ന സത്യപാല്‍ മാലിക്? സമീപ കാലത്ത് അദ്ദേഹം ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങളും വിവാദങ്ങളും എന്തെല്ലാമാണ്? ഈ വിമര്‍ശനങ്ങളിലൂടെ സത്യപാല്‍ മാലിക് ലക്ഷ്യം വെക്കുന്നത് എന്ത്? എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ബി.ജെ.പി മടിക്കുന്നു?
പല പാര്‍ട്ടികളിലൂടെ എം.എല്‍.എയും ലോക്‌സഭ, രാജ്യസഭ എം.പിയുമായും പ്രവര്‍ത്തിച്ചയാളാണ് ഉത്തര്‍പ്രദേശിലെ ബാഗ്പട്ട് സ്വദേശിയായ സത്യപാല്‍ മാലിക്. യു.പിയിലെ കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുള്ള ബി.ജെ.പി നേതാവായാണ് സത്യപാല്‍ ഇന്ന് അറിയപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിംഗിന്റെ ക്രാന്തിദാള്‍ പാര്‍ട്ടിയിലൂടെയാണ് സത്യപാലിന്റെ സജീവ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1974ല്‍ എം.എല്‍.എയായി.
ചരണ്‍ സിംഗിന്റെ ലോക് ദളില്‍ പ്രവര്‍ത്തിച്ച് രാജ്യസഭാംഗമായ ശേഷം, 1984ലാണ് സത്യപാല്‍ കോണ്‍ഗ്രസിലെത്തിയത്. പിന്നീട് കോണ്‍ഗ്രസ് വിട്ട് ജനതാദളിലെത്തി. അവിടെ നിന്നും 2004ലാണ് ബി.ജെ.പിയിലെത്തുന്നത്. 2012ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2017 മുതലുള്ള കാലഘട്ടത്തിലാണ് ബി.ജെ.പിയോ ബി.ജെ.പിയുടെ സഖ്യകക്ഷികളോ കേന്ദ്രമോ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സത്യപാല്‍ എത്തുന്നത്.
ഗവര്‍ണറായ കാലത്താണ് സത്യപാല്‍ മാലികിന്റെ പേര് നിരന്തരം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ബീഹാര്‍, ഗോവ, കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് അദ്ദേഹം ഇതുവരെ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗവര്‍ണറായിരിക്കേ സത്യപാല്‍ മാലിക് ബി.ജെ.പി നേതൃത്വത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ട ചിലതൊന്ന് പരിശോധിക്കാം.
ബീഹാറില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന സമയത്താണ് 2017ല്‍ അദ്ദേഹം ഗവര്‍ണറായെത്തുന്നത്. മുസഫര്‍പൂരിലെ ബാലിക സദനത്തില്‍ നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന സമയത്ത് സത്യപാല്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. മുഖ്യമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കുമെല്ലാം സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കത്തുകളെഴുതിയിരുന്നു. ഇത് ബി.ജെ.പിക്ക് വലിയ തലവേദനയായിരുന്നു സൃഷ്ടിച്ചത്.
പിന്നീട് അവിടെ നിന്നും കശ്മീരിലെത്തിയപ്പോഴും സമാനമായ രീതിയിലായിരുന്നു സത്യപാലിന്റെ ചില പ്രസ്താവനകള്‍. കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ സമയത്തായിരുന്നു ഇത്. കശ്മീരില്‍ വലിയ തോതില്‍ അക്രമങ്ങള്‍ നടക്കുന്നു എന്നാരോപിച്ചുകൊണ്ട് അവിടെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളെ കേന്ദ്രം ന്യായീകരിച്ചപ്പോള്‍, പട്‌നയില്‍ ഒരു ദിവസം നടക്കുന്ന അത്രയും അക്രമങ്ങളൊന്നും കശ്മീരില്‍ നടക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കശ്മീരിനെ തരംതാഴ്ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതേ സത്യപാല്‍ മാലിക് തന്നെയാണ് രാഹുല്‍ ഗാന്ധിയെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നതും ഒരു വസ്തുതയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ കശ്മീരില്‍ ഗവര്‍ണറായിരുന്ന സമയത്ത് നടന്ന സംഭവങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില വെളിപ്പെടുത്തലുകളും വലിയ വിവാദമായിരുന്നു. അംബാനിയുടെയും ആര്‍.എസ്.എസിലെ പ്രമുഖ നേതാവിന്റെയും രണ്ട് ഫയലുകള്‍ ക്ലിയര്‍ ചെയ്തു നല്‍കിയാല്‍ 300 കോടി രൂപ കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം വന്നിരുന്നുവെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഈ ആര്‍.എസ്.എസ് നേതാവ് പ്രധാനമന്ത്രിയുമായി ഏറെ അടുപ്പമുള്ളയാളാണ് അവകാശപ്പെട്ടതായും സത്യപാല്‍ പറഞ്ഞിരുന്നു.
സത്യപാല്‍ മാലികിന്റെ പ്രസ്താവനക്കെതിരെ ആര്‍.എസ്.എസ് രംഗത്തുവരികയും ഇത് ആര്‍.എസ്.എസ് – ബി.ജെ.പി ബന്ധത്തില്‍ കല്ലുകടിയാവുകയും ചെയ്തതോടെ ആര്‍.എസ്.എസിനെപ്പറ്റി പറഞ്ഞതില്‍ മാത്രം സത്യപാല്‍ ഖേദം പ്രകടിപ്പിച്ചു. ഫയലുമായി വന്നയാള്‍ ആര്‍.എസ്.എസുകാരനാണെന്ന് പറഞ്ഞതിന്റെ ഓര്‍മ്മയിലാണ് അങ്ങനെ പറഞ്ഞതെന്ന രീതിയിലായിരുന്നു ഈ ഖേദപ്രകടനം.
2020ല്‍ ഗോവ ഗവര്‍ണറായ സമയത്തും അഴിമതിയെ കുറിച്ച് ശക്തമായ വിമര്‍ശനം അദ്ദേഹം തുടര്‍ന്നു. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും കൊവിഡ് പ്രതിരോധം താറുമാറാണെന്നും പറഞ്ഞു. ഇതേ കുറിച്ച് മോദിയെ അറിയിച്ചിട്ടും വേണ്ട രീതിയിലുള്ള അന്വേഷണം നടന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
മേഘാലയ ഗവര്‍ണറായിരുന്ന സമയത്ത്, കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് സത്യപാല്‍ മാലിക് നടത്തിയ പ്രസ്താവനകളാണ് സമീപ കാലത്ത് ഏറ്റവും ചര്‍ച്ചയായത്.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍. സിഖുകാരുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യരുതെന്നും കര്‍ഷക സമരം കാരണം യു.പിയില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
വേണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കര്‍ഷകര്‍ക്കൊപ്പം ഇറങ്ങുമെന്നും കാര്‍ഷിക നിയമങ്ങള്‍ കുറച്ച് കാലത്തേക്കെങ്കിലും മരവിപ്പിച്ചില്ലെങ്കില്‍ ബി.ജെ.പി തോറ്റു തുന്നംപാടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവന.
കഴിഞ്ഞ ദിവസം കര്‍ഷക സമരത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മോദിയെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടായിരുന്നു സത്യപാല്‍ രംഗത്തുവന്നത്. കര്‍ഷക സമരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ധിക്കാരം കാരണം ആ കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നെന്നുമാണ് സത്യപാല്‍ പറഞ്ഞത്. ഹരിയാനയിലെ ദാദ്രിയില്‍ ഒരു പൊതുചടങ്ങില്‍ വെച്ചായിരുന്നു ഈ പ്രസംഗം.
നമ്മുടെ 500ഓളം കര്‍ഷകര്‍ മരിച്ചു പറഞ്ഞപ്പോള്‍ അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നായിരുന്നു എന്നായിരുന്നു മോദിയുടെ മറുപടി. അതെ, കാരണം നിങ്ങളാണ് നേതാവ് എന്ന് താന്‍ തിരിച്ചു പറഞ്ഞെന്നും സത്യപാല്‍ പറഞ്ഞു.
ഇത്തരത്തില്‍ നിരന്തരം ബി.ജെ.പിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍, അതും മോദിയെ പോലും കുറ്റപ്പെടുത്തുന്ന വിമര്‍ശനങ്ങള്‍ നടത്തിയിട്ടും ഇതുവരെയും കാര്യമായി നടപടിയൊന്നും സത്യപാലിനെതിരെ ഉണ്ടായിട്ടില്ല. എന്ത് സംഭവിച്ചാലും അഴിമതിക്ക് ഒരിക്കലും കൂട്ടുനില്‍ക്കില്ലെന്ന രീതിയില്‍ മോദിയും ബി.ജെ.പിയും കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന പ്രതിച്ഛായക്ക് വരെ കോട്ടമുണ്ടാക്കിയിട്ടും എന്തുകൊണ്ട് സത്യപാലിനെ മാത്രം ബി.ജെ.പി നേതൃത്വം വെറുതെ വിടുന്നുവെന്ന് പലരും സംശയമുന്നയിക്കുന്നുണ്ട്. യു.പിയിലെ കര്‍ഷകര്‍ക്കിടയില്‍ സത്യപാലിനുള്ള സ്വാധീനമാണ് അതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യു.പി തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സത്യപാലിനെതിരെ നടപടി സ്വീകരിച്ചാല്‍ കര്‍ഷകരില്‍ നിന്നും കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയം ബി.ജെ.പിക്കുണ്ടെന്നാണ് വിലയിരുത്തലുകള്‍. അതുകൊണ്ട് തന്നെ സത്യപാലിന്റെ വാക്കുകളോട് വലിയ പ്രതികരണത്തിന് നില്‍ക്കേണ്ടതില്ലെന്ന സേഫ് പ്ലേയാണ് ബി.ജെ.പി നടത്തുന്നതെന്നും അഭിപ്രായങ്ങളുണ്ട്. അതേസമയം സത്യപാലിനെ പോലുള്ളവരുടെ പ്രസ്താവനകള്‍ വെച്ചുകൊണ്ട് തങ്ങള്‍ ഇപ്പോഴും അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരുടെ പാര്‍ട്ടിയാണെന്ന ഇമേജ് നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും നിരീക്ഷണങ്ങളുണ്ട്.
ഇത്തരം പ്രസ്താവനകളിലൂടെ എന്ത് നേട്ടമാണ് 74കാരനായ സത്യപാല്‍ ലക്ഷ്യം വെക്കുന്നതെന്ന കാര്യത്തിലും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കൃത്യമായ മറുപടികളില്ല. സ്വന്തം പാര്‍ട്ടിയായ ബി.ജെ.പിക്കെതിരെ എങ്ങനെ വിമര്‍ശനമുന്നയിക്കുന്നു എന്ന ചോദ്യങ്ങളോട്, ഞാന്‍ ചരണ്‍ സിംഗിന്റെ കൂടെ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റാണ്, ലോഹ്യയിസ്റ്റാണ്, അഴിമതി കണ്ടാല്‍ സഹിക്കാന്‍ പറ്റില്ല, തുറന്നുപറയുമെന്നല്ലാമാണ് അദ്ദേഹത്തിന്റെ മറുപടി.
സത്യപാല്‍ മാലികിന്റെ പ്രസ്താവനകള്‍ വരാന്‍ പോകുന്ന യു.പി. ഇലക്ഷനെ എങ്ങനെയായിരിക്കും ബാധിക്കുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയരംഗം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Meghalaya Governor and BJP leader Satyapal Malik against Modi and BJP