ഷില്ലോങ്ങ്: പുല്‍വാമ ഭീകരാക്രമണത്തിന് പശ്ചാത്തലത്തില്‍ കശ്മീരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയി. ട്വിറ്ററിലൂടെയാണ് തഥാഗതാ റോയി വിവാദമായ പ്രസ്താവന നടത്തിയിരിക്കുന്നത്. പൊതുജനങ്ങളോടുള്ള ആഹ്വാനമെന്ന നിലയിലാണ് കശ്മീരി ഉത്പ്പന്നങ്ങല്‍ ബഹിഷ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ ട്വീറ്റ്.
“”കശ്മീര്‍ സന്ദര്‍ശിക്കുകയോ രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോവുകയോ ചെയ്യരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്. പ്രത്യേകിച്ചും എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍. കശ്മിരികളുടെ എല്ലാ ഉത്പ്പന്നങ്ങളും ബഹിഷ്‌കരിക്കണം””- ഗവര്‍ണര്‍ ട്വിറ്റിറില്‍ കുറിച്ചു.
ആര്‍മിയില്‍ നിന്നും റിട്ടയറായ ഒരു കേണലിന്റെ അഭിപ്രായമാണിത്. താനിതിനെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു തഥാഗതാ റോയ് ട്വീറ്റിട്ടിരുന്നത്.
എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി.
“ആര്‍മി കേണലിന്റെ അഭിപ്രായം ട്വീറ്റ് ചെയ്തതിന് മാധ്യമങ്ങളില്‍ നിന്നും പൊതുജനത്തില്‍ നിന്നും അതി രൂക്ഷമായ വിമര്‍ശനം എനിക്ക് നേരിടുന്നുണ്ട്. 3.5 ലക്ഷം വരുന്ന കശ്മീരി പണ്ഡിറ്റുകളെ ഇവിടെ നിന്നും നീക്കം ചെയ്തതിനും നൂറുകണക്കിന് പട്ടാളക്കാരെ കൊന്നതിനും എതിരെയുള്ള ഏറ്റവും അഹിംസാത്മകമായ പ്രതികരണമാണത്.”- ഗവര്‍ണര്‍ ട്വിറ്റിറില്‍ കുറിച്ചു.
അതേസമയം, വിവാദ പ്രസ്താവന നടത്തിയ ഗവര്‍ണറെ കേന്ദ്രം പുറത്താക്കണമെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണവും ഭീഷണിയും ഉണ്ടായിരുന്നു.
ഡെറാഡൂണിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കാനാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ഷെഹ്ല റാഷിദിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന തരത്തില്‍ വ്യാജപ്രചരണം അഴിച്ചുവിട്ടെവന്നാരോപിച്ചാണ് ഷെഹ്ലയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.