അഗർത്തല: ത്രിപുരയിലെ പ്രതിപക്ഷ പാർട്ടി തിപ്ര മോതയുടെ മെഗാ റാലിയിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ.
ഒക്ടോബർ 14ന് നടക്കുന്ന മെഗാ റാലിയിലാണ് മേഘാലയയിലെ ബി.ജെ.പി സഖ്യ കക്ഷിയായ മുന്നണിയുടെ മുഖ്യമന്ത്രി സാങ്മ പങ്കെടുക്കുന്നത്. അതേസമയം ബി.ജെ.പി ഭരിക്കുന്ന ത്രിപുരയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് തിപ്ര മോത.
‘ത്രിപുരയിലെ ഖുമുലങിൽ ഒക്ടോബർ 14ന് നടക്കുന്ന മെഗാ റാലിയിൽ എന്റെ സുഹൃത്ത് പ്രദ്യോത് ബിക്രം മാണിക്യ ഡെബർമയോടൊപ്പം ഞാനും പങ്കെടുക്കും. ഈ ശനിയാഴ്ച ഞങ്ങളോടൊപ്പം ചേരൂ,’ റാലിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സാങ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
സാങ്മയോടൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരും പങ്കെടുക്കുമെന്ന് തിപ്ര മോത സ്ഥാപകൻ പ്രദ്യോത് ദേബർമ അറിയിച്ചു.
‘ചരിത്രത്തിൽ ആദ്യമായി, ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും തദ്ദേശ പാർട്ടിയുടെ സമ്മേളനത്തിൽ പങ്കെടുക്കുകയും തിപ്രാസ ജനങ്ങളുടെ അവകാശങ്ങൾക്കായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യും.
നമ്മളിൽ സ്വയം വിശ്വാസമർപ്പിക്കാനുള്ള ആദ്യ പടിയായിരിക്കും ഇത്. നമ്മുടെ ഭാവി തലമുറയുടെ നിലനിൽപിന് നമുക്ക് രാഷ്ട്രീയത്തിനപ്പുറം പോകേണ്ടതുണ്ട്,’ ഫേസ്ബുക് പോസ്റ്റിൽ പ്രദ്യോത് ദേബർമ പറഞ്ഞു.
ത്രിപുരയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ തിപ്ര മോത, സംസ്ഥാനത്തെ ഗോത്ര വിഭാഗത്തിന് പ്രത്യേകമായി ‘ഗ്രേറ്റർ തിപ്രാലാൻഡ്’ വേണമെന്നാണ് ആവശ്യപ്പെടുന്നത്. ആവശ്യം നടപ്പാക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രത്തിലേക്ക് സന്ദേശം കൈമാറാനാണ് റാലി സംഘടിപ്പിക്കുന്നത്.
മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എം.ഡി.എ) സർക്കാരിനെ നയിക്കുന്നത് എൻ.പി.പി പാർട്ടി നേതാവായ സാങ്മയാണ്. മുന്നണിയിൽ ബി.ജെ.പിയും അംഗമാണ്.
CONTENT HIGHLIGHT: Meghalaya CM to attend Tripura’s Opposition party Tipra Motha’s rally