പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടും; മുന്നറിയിപ്പുമായി ബി.ജെ.പി എം.എല്‍.എ
national news
പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടും; മുന്നറിയിപ്പുമായി ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 8:37 am

ഷില്ലോംഗ്: പൗരത്വ നിയമ ദേദഗതി ബില്‍ രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടുമെന്ന് മേഘാലയിലെ ബി.ജെ.പി എം.എല്‍.എ സന്‍ബോര്‍ ഷുല്ലൈ. ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ ജനുവരി 11 ന് നിവേദനം സമര്‍പ്പിച്ചിരുന്നെന്നും എന്നാല്‍ അതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഷുല്ലൈ പറഞ്ഞു.

പൗരത്വ നിയമ ദേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ബി.ജെ.പിയില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നത്.

പൗരത്വ ബില്ലിനെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷുല്ലൈ നയം വ്യക്തമാക്കിയത്. ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മുന്‍ കേന്ദ്രമന്ത്രി പോള്‍ ലിംഗ്‌ദോയും എത്തിയിരുന്നു.

Read Also : താമര ചിത്രം പിടിപ്പിച്ച് റിപ്പബ്ലിക് ദിന റാലി; അങ്കണവാടി അടച്ചുപൂട്ടി; അധ്യാപികയ്ക്കും ആയയ്ക്കും സസ്പെന്‍ഷന്‍

ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച് മേഘാലയ നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ബില്ല് മുന്നോട്ട് വയക്കുന്ന പല വ്യവസ്ഥയിലും ആശങ്കയുണ്ടെന്നു അവയെ പിന്തുണയ്ക്കാനാവില്ലെന്ന് മേഘാലയ മുഖ്യമന്ത്രിയും വിമര്‍ശിച്ചിരുന്നു.

മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വ നല്‍കുന്ന പൗരത്വ നിയമഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പിനിടെ ലോക്‌സഭ പാസാക്കിയിരുന്നു. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

വര്‍ഗീയ സ്വഭാവമുള്ള ബില്ലാണിതെന്നും അതിനാല്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇറങ്ങിപ്പോയിരുന്നു. ബില്‍ അവതരിപ്പിച്ചത് ഭൂരിപക്ഷ വോട്ട് മുന്നില്‍ കണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തി നിയമവിരുദ്ധമായി താമസിക്കുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൌരത്വം അനുവദിക്കുന്നതാണ് ബില്ല്.