Entertainment
പ്രായമായ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ സ്വയം ജലദോഷം പിടിപ്പിച്ചു; ചായ കുടിച്ച് ശബ്ദം ഓക്കെയാക്കി യൗവനകാലം ചെയ്തു: മേഘ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 02:38 am
Sunday, 16th March 2025, 8:08 am

ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. ആസിഫ് അലി നായകനായി മികച്ച വിജയം നേടിയ ഈ സിനിമ ഒരു മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറിലായിരുന്നു എത്തിയത്.

ചിത്രത്തില്‍ സിസ്റ്റര്‍ സ്റ്റെഫിയായി എത്തിയത് മേഘ തോമസ് ആയിരുന്നു. ലൈല ഒ ലൈല, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഭീമന്റെ വഴി, അഞ്ചക്കള്ളകോക്കാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് മേഘ. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ രേഖാചിത്രത്തെ കുറിച്ചും അതിന്റെ ഡബ്ബിങ്ങിനെ കുറിച്ചും പറയുകയാണ് മേഘ തോമസ്.

‘ജോഷി സാര്‍ സംവിധാനം ചെയ്ത ലൈല ഒ ലൈല എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. എന്നാല്‍ അതില്‍ ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലാണ് ഡയലോഗുള്ള വേഷം ചെയ്യുന്നത്. സിസ്റ്റര്‍ എലിസബത്ത് എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്.

അതിനുശേഷം രേഖാചിത്രത്തില്‍ സിസ്റ്റര്‍ സ്റ്റൈഫി എന്ന ഗംഭീരമായ മറ്റൊരു കന്യാസ്ത്രീ കഥാപാത്രം എന്നെ തേടിയെത്തി. ആ സിനിമ വലിയ ഹിറ്റായതോടെ എനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു. രേഖാചിത്രത്തില്‍ എനിക്ക് രണ്ട് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടാനായി.

ആ രണ്ട് ഗെറ്റപ്പിലും എന്റെ ശബ്ദം തന്നെ കഥാപാത്രത്തിന് നല്‍കാനായി. രേഖാചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്ന സമയം എനിക്ക് ജലദോഷം പിടിച്ചിരുന്നു. ആ സമയത്ത് ഡബ്ബ് ചെയ്തപ്പോള്‍ ശബ്ദത്തിന് ഒരു പ്രത്യേക കനം തോന്നി. പ്രായമുള്ള കഥാപാത്രത്തിന് ആ ശബ്ദം നല്ലതായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു.

അങ്ങനെ ആ ശബ്ദം നിലനിര്‍ത്താനായി എല്ലാ ദിവസവും രാത്രി തല നനച്ചശേഷം സ്പീഡില്‍ ഫാനുമിട്ട് ഞാന്‍ കിടന്നുറങ്ങും. രാവിലെ ആകുമ്പോഴേക്കും ജലദോഷം പിടിക്കും. ആ അവസ്ഥയില്‍ രാവിലെ ചെന്ന് പ്രായമുള്ള കഥാപാത്രം ചെയ്യും. പിന്നെ ചായയൊക്കെ കുടിച്ച് ശബ്ദം ഓക്കെയാക്കി ഉച്ചയ്ക്കുശേഷം യൗവനകാലം ചെയ്യും. അങ്ങനെയായിരുന്നു ഡബ്ബിങ്,’ മേഘ തോമസ് പറയുന്നു.

രേഖാചിത്രം:

1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു രേഖാചിത്രത്തിന്റെ കഥ.

ആസിഫ് അലിക്കും മേഘ തോമസിനും പുറമെ അനശ്വര രാജന്‍, സറിന്‍ ഷിഹാബ്, ഭാമ അരുണ്‍, മനോജ് കെ. ജയന്‍, ഹരിശ്രീ അശോകന്‍, സിദ്ദീഖ്, ജഗദീഷ്, ഉണ്ണി ലാലു തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

Content Highlight: Megha Thomas Talks About Rekhachithram Dubbing