Entertainment
ഞാന്‍ ആദ്യമായി തിയേറ്ററില്‍ കണ്ട സിനിമ മമ്മൂക്കയുടേത്; രേഖാചിത്രം ഹിറ്റായതോടെ മമ്മൂട്ടിച്ചേട്ടനെ കണ്ടു: മേഘ തോമസ്

ഈ വര്‍ഷം ആസിഫ് അലി നായകനായി എത്തി മികച്ച വിജയം നേടിയ സിനിമയായിരുന്നു രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ ഈ സിനിമ ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.

ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു. 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു രേഖാചിത്രത്തിന്റെ കഥ.

ആസിഫ് അലിക്ക് പുറമെ അനശ്വര രാജന്‍, സറിന്‍ ഷിഹാബ്, ഭാമ അരുണ്‍, മനോജ് കെ. ജയന്‍, മേഘ തോമസ്, ഹരിശ്രീ അശോകന്‍, സിദ്ദീഖ്, ജഗദീഷ്, ഉണ്ണി ലാലു തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. സിനിമയില്‍ സിസ്റ്റര്‍ സ്‌റ്റെഫിയായി എത്തിയത് മേഘ തോമസ് ആയിരുന്നു. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ രേഖാചിത്രത്തെ കുറിച്ച് പറയുകയാണ് മേഘ.

‘ഞാന്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. അമ്മ പയ്യന്നൂരുകാരിയും അച്ഛന്‍ കൊല്ലം സ്വദേശിയുമാണ്. കുട്ടിക്കാലത്തൊന്നും സിനിമാഭിനയത്തോട് ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. സ്വപ്‌നത്തില്‍ പോലും സിനിമ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാകും സത്യം. പ്ലസ്ടുവിന് ശേഷം ആദ്യം ബി.എസ്.സി നഴ്സിങ്ങിന് പോകാന്‍ തീരുമാനിച്ചു.

പിന്നീട് അതല്ല എന്റെ മേഖലയെന്ന് തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് യൂടേണ്‍ എടുത്തു. ആ തീരുമാനം ശരിയായി. ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയി കണ്ട മലയാളസിനിമ മമ്മൂക്കയുടെ രാപ്പകല്‍ ആണ്. ഡല്‍ഹിയില്‍ ഞങ്ങളുടെ വീടിനടുത്ത് ഒരു തിയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം പ്രദര്‍ശിപ്പിച്ച മലയാളസിനിമ അതായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂക്ക ഭാഗമായ സിനിമയില്‍ അഭിനയിക്കാനും അദ്ദേഹത്തെ പരിചയപ്പെടാനുമൊക്കെ സാധിച്ചു. രേഖാചിത്രം എന്ന സിനിമയില്‍ എന്റെ കഥാപാത്രം മമ്മൂട്ടിച്ചേട്ടനെ പരിചയപ്പെടുത്തിത്തരാന്‍ രേഖ എന്ന കഥാപാത്രത്തോട് പറയുന്നുണ്ട്.

സിനിമ ഹിറ്റായതോടെ എനിക്ക് മമ്മൂക്കയെ വീട്ടിലെത്തി പരിചയപ്പെടാന്‍ സാധിച്ചു. എനിക്കായ് സിനിമ കരുതിവെച്ച സമ്മാനമായിരുന്നു അത്,’ മേഘ തോമസ് പറയുന്നു.

Content Highlight: Megha Thomas Talks About Rekhachithram And Mammootty