മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രം ബിഗ്ബജറ്റില്‍; അഭിമുഖത്തിനിടെ പുതിയ വിവരങ്ങളുമായി മമ്മൂട്ടി
Entertainment news
മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രം ബിഗ്ബജറ്റില്‍; അഭിമുഖത്തിനിടെ പുതിയ വിവരങ്ങളുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th January 2023, 10:59 pm

മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ പേര് പുറത്ത്. കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ചിത്രത്തിന്റെ പേര്. റോണി ഡേവിഡ് രാജിന്റെ തിരക്കഥയില്‍ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓപ്പണ്‍ പണ്ണ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്ന സിനിമയേതാണെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി. കണ്ണൂര്‍ സ്‌ക്വാഡ് എന്ന പടത്തിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നതെന്നും ക്രിസ്റ്റഫര്‍ റിലീസാവാന്‍ ഇരിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ജ്യോതികയും താനും ഒന്നിച്ച് അഭിനയിക്കുന്ന കാതലിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

ക്രിസ്റ്റഫര്‍ തന്റെ പ്രൊഡക്ഷനല്ലെന്നും ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫറെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡും ബിഗ് ബജറ്റ് മൂവിയാണെന്നും മമ്മൂട്ടി പറഞ്ഞു.


മെഗാസ്റ്റാര്‍ 421 എന്ന് അറിയപ്പെട്ടിരുന്ന ചിത്രം മമ്മൂട്ടിയുടെ നാനൂറ്റി ഇരുപത്തിയൊന്നാം ചിത്രമാണ്. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, ‘ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് സംവിധായകന്‍ റോബി വര്‍ഗീസ് രാജ്.

അതേസമയം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ജെയിംസ് എന്ന കഥാപാത്രത്തെ ഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താല്‍ അതിലൊന്ന് നന്‍പകല്‍ നേരത്ത് മയക്കത്തിലെ ജയിംസ് എന്ന കഥാപാത്രം ഇടംനേടുമെന്നാണ് സിനിമാ നിരൂപകര്‍ പറയുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

content highlight: Megastar421 named as Kannur squad