| Tuesday, 7th September 2021, 8:59 am

അഭിനയത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് 70ാം പിറന്നാള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Happy Birthday, Mammootty : മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ഇന്ന് 70ാം ജന്മദിനം ആഘോഷിക്കുകയാണ്. 70 വര്‍ഷം മുമ്പ് കോട്ടയം ജില്ലയിലെ ചെമ്പിലാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയെന്ന പി.ഐ. മുഹമ്മദ് കുട്ടി ജനിക്കുന്നത്.

ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും പിന്നീട് ലോകോളേജില്‍ നിന്ന് അഭിഭാഷക ബിരുദവും നേടി.

1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.

അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും അഭിനയം തന്നെയായിരുന്നു മമ്മൂട്ടിയുടെ താല്‍പ്പര്യം. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് കാര്യമായി മമ്മൂട്ടി എത്തുന്നത്.

സജിന്‍ എന്ന പേരിലായിരുന്നു മമ്മൂട്ടി സിനിമയില്‍ തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.

പിന്നീട് പി.ജി. വിശ്വംഭരന്‍, ഐ.വി. ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.

50 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2O10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.

ഇതുവരെ നാന്നൂറിലധികം സിനിമകള്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഭീഷ്മ പര്‍വ്വം, പുഴു, ബിലാല്‍ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

ദേശീയ ചലച്ചിത്രപുരസ്‌കാരം

1990 (മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ)
1994 (വിധേയന്‍, പൊന്തന്‍ മാട)
1999 (അംബേദ്കര്‍ – ഇംഗ്ലീഷ്)

കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം

1981 – അഹിംസ(സഹനടന്‍)
1984 – അടിയൊഴുക്കുകള്‍
1985 – യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്‌കാരം)
1989 – ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍
1994 – വിധേയന്‍, പൊന്തന്‍മാട
2004 – കാഴ്ച
2009 – പാലേരിമാണിക്യം

ഫിലിംഫെയര്‍ അവാര്‍ഡുകള്‍

1984 – അടിയൊഴുക്കുകള്‍
1985 – യാത്ര
1986 – നിറക്കൂട്ട്
1990 – മതിലുകള്‍
1991 – അമരം
1997 – ഭൂതക്കണ്ണാടി
2001 – അരയന്നങ്ങളുടെ വീട്
2004 – കാഴ്ച
2006 – കറുത്ത പക്ഷികള്‍

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Megastar Mammootty turns 70 today Happy Birthday Mammootty

Latest Stories

We use cookies to give you the best possible experience. Learn more