| Wednesday, 9th October 2024, 9:15 am

കിവീസിന്റെ അടിവേരിളക്കി; വിമണ്‍സ് ടി-20യിലെ ചരിത്രം തിരുത്തി ഓസീസ് കൊടുങ്കാറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന 2024 വിമണ്‍സ് ടി-20 ലോകകപ്പ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാന്‍ ഓസീസ് പടയ്ക്ക് സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് വിമണ്‍സ് 19.2 ഓവറില്‍ വെറും 88 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയുടെ മികച്ച പ്രകടനത്തിലാണ് കിവീസ് പട കീഴടങ്ങിയത്. മെഗന്‍ ഷട്ട്, അനബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സോഫി മൊളീനക്‌സ് രണ്ട് വിക്കറ്റും ജോര്‍ജിയ വേര്‍ഹാം തഹ്‌ലിയ മഗ്രാത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ മെഗന്‍ ഷട്ട് 3.2 ഓവറില്‍ നിന്ന് ഒരു മെയ്ഡന്‍ അടക്കം വെറും മൂന്ന് റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മാത്രമല്ല 0.90 എന്ന കിടിലന്‍ എക്കോണമിയും നേടാന്‍ താരത്തിന് സാധിച്ചു. ഇതിനെല്ലാം പുറമെ വിമണ്‍സ് ടി-20 ലോകകപ്പിലെ ഒരു ഇടിവെട്ട് റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. വിമണ്‍സ് ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന് നേട്ടമാണ് മെഗനെ തേടിയെത്തിയത്.

വിമണ്‍സ് ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, രാജ്യം, വിക്കറ്റ്

മെഗന്‍ ഷട്ട് – ഓസ്‌ട്രേലിയ – 46*

ഷബ്‌നിം ഇസ്‌മൈല്‍ – സൗത്ത് ആഫ്രിക്ക – 43

അന്യ ഷ്രുബ്‌സോള്‍ – ഇംഗ്ലണ്ട് – 41

എല്ലിസ് പെരി – ഓസ്‌ട്രേലിയ – 40

സ്റ്റിഫൈന്‍ ടെയ്‌ലര്‍ – 33

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണര്‍ ബെത് മൂണിയാണ്. 32 പന്തില്‍ രണ്ട് ഫോര്‍ അടക്കം 40 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ അലീസ ഹീലി നാല് ഫോര്‍ അടക്കം 26 റണ്‍സും നേടിയിരുന്നു. വണ്‍ ഡൗണ്‍ ബാറ്റര്‍ എല്ലിസ് പെരി ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 24 പന്തില്‍ 30 റണ്‍സ് നേടി. ഫോബി ലിച്ച് ഫീള്‍ഡ് 18 റണ്‍സും നേടിയിരുന്നു.

കിവീസിന് വേണ്ടി അമേലിയ കെര്‍ നാല് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ റോസ്‌മേരി മെയ്ര്‍, ബ്രൂക്ക് ഹാലിഡെ എന്നിവര്‍ രണ്ട് വിക്കറ്റും നേടിയിരുന്നു.

കിവീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് അമേലിയ കെര്‍ തന്നെയായിരുന്നു. 31 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ സൂസി ബാറ്റ്‌സ് 20 റണ്‍സും നേടിയിരുന്നു മറ്റാര്‍ക്കും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

Content Highlight: Megan Schutt In Dreat Record Achievement In Women’s T-20 world Cup

We use cookies to give you the best possible experience. Learn more