ന്യൂദല്‍ഹി: ഇടതുപക്ഷ ചിന്താഗതികള്‍ വെച്ച് പുലര്‍ത്തുന്ന ദളിത് എഴുത്തുകാരനായ പെരുമാള്‍ മുരുകനെ നിശബ്ദനാക്കാന്‍ കിട്ടിയ ആയുധമായി “മധോരുഭഗന്‍” എന്ന നോവലിനെ ഉപയോഗിക്കുകയായിരുന്നു വര്‍ഗ്ഗീയ സംഘടനകള്‍ ചെയ്തതെന്ന് തമിഴ് എഴുത്തുകാരന്‍ പ്രഫസര്‍ രാജന്‍ കൃഷ്ണന്‍ അഭിപ്രായപെട്ടു.
ദല്‍ഹി മലയാളികളുടെ സാംസ്‌ക്കാരിക സംഘടനയായ ജനസംസ്‌കൃതി സംഘടിപ്പിച്ച പെരുമാള്‍ മുരുകന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവര്‍ഷം മുന്‍പ് പുറത്തിറങ്ങിയ നോവലിനെ ഇപ്പോള്‍ വിവാദമാക്കുമ്പോള്‍ അതില്‍ ഗൂഢലോചന നടന്നിട്ടുള്ളതായി സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജാതി വികാരം ഉണര്‍ത്തികൊണ്ട് ഹിന്ദു രാഷ്ട്രീയം വളര്‍ത്താനുള്ള ശ്രമത്തെയും മുരുകന്‍ എതിര്‍ക്കുന്നു. സ്ത്രീകളുടെ ലൈംഗികതയുടെ നിയന്ത്രണം പുരുഷനില്‍ നിലനിര്‍ത്തേണ്ടതാണെന്ന് പറഞ്ഞുകൊണ്ട് സമൂഹത്തില്‍ പുരുഷമേധാവിത്വം നിലനിര്‍ത്താനുള്ള ശ്രമത്തെയും അദ്ദേഹം എതിര്‍ക്കുന്നു.
മുരുകന്‍ അവസാനം എഴുതിയ നോവല്‍ ആത്മഹത്യ ചെയ്ത ഒരു ദളിത് യുവാവിനാണ് സമര്‍പ്പിച്ചത്. നാമക്കല്‍ ജില്ലയില്‍ വളര്‍ന്നു വരുന്ന “ബ്രൊയിലര്‍ ചിക്കന്‍” വിദ്യാഭ്യാസ സംസ്‌ക്കാരത്തിനെതിരായും, ക്വാറി മാഫിയയ്‌ക്കെതിരായും പെരുമാള്‍ മുരുകന്‍ എഴുത്തിലൂടെ നടത്തിയ പോരാട്ടങ്ങള്‍ എന്നിവയും പെരുമാള്‍ മുരുകന്റെ “മധോരുഭഗന്‍” എന്ന നോവല്‍ ആക്രമിക്കപെടാന്‍ കാരണമായെന്ന് പ്രഫസര്‍ രാജന്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സാഹിത്യകാരി സ്മിതമീനാക്ഷി “മധോരുഭഗന്‍” എന്ന നോവലിലെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചു. സതി മധുസൂദനന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. പി.കെ മോഹന്‍ ദാസ്, അനില്‍ കുമാര്‍ ബി തുടങ്ങിയവര്‍ സംസാരിച്ചു.