ന്യൂദല്‍ഹി: ഗൗരിലങ്കേഷ് അനുസ്മരണ പരിപാടിയില്‍ “Me too urban Naxal” പ്ലക്കാര്‍ഡ് ധരിച്ചെത്തിയതിന് എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാടിനെതിരെ പരാതി. ബെംഗളൂരു ഹൈക്കോടതി അഭിഭാഷകനായ എന്‍.പി അമൃതേഷ് എന്നയാളാണ് പരാതി നല്‍കിയത്.
ഗൗരി ലങ്കേഷ് കൊലപാതകകേസിലെ പ്രതിഭാഗം അഭിഭാഷകനാണ് എന്‍.പി അമൃതേഷ്. ഗിരീഷ് കര്‍ണാടിന്റെ നക്‌സല്‍ ബന്ധം അന്വേഷിക്കണമെന്നും ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നുമാണ് അമൃതേഷിന്റെ പരാതി.
അര്‍ബന്‍ നക്‌സല്‍ എന്ന പ്ലക്കാര്‍ഡ് ധരിച്ച് പൊതുവേദിയിലെത്തിയതോടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഗരീഷ് ചെയ്തതെന്ന് അമൃതേഷ് പരാതിയില്‍ പറയുന്നു.
ഗിരീഷ് കര്‍ണാടിന്റെ കൂട്ടാളികളായ പ്രകാശ് റായ്, സ്വാമി അഗ്നിവേശ്, ജിഗ്നേഷ് മെവാനി, കനയ്യകുമാര്‍ എന്നിവര്‍ക്കും ഭീമ കൊറേഗാവ് ആക്രമണത്തില്‍ പങ്കുണ്ടെന്നും ഇവരെയും പൊലീസ് പിടികൂടണമെന്നും പരാതി പറയുന്നു.