'മത നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയവല്‍ക്കരിക്കരുത്'; മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച മുടങ്ങിയതില്‍ വിശദീകരണവുമായി ശ്രീധരന്‍ പിള്ള
Kerala News
'മത നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയവല്‍ക്കരിക്കരുത്'; മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച മുടങ്ങിയതില്‍ വിശദീകരണവുമായി ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th January 2021, 10:32 am

കോഴിക്കോട്: മുസ്‌ലിം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച്ച മുടങ്ങിയതില്‍ വിശദീകരണവുമായി മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള.

മത നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കുകയാണ് താന്‍ ചെയ്തതെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

സംസ്ഥാനരാഷ്ട്രീയത്തിലേക്ക് ഉടന്‍ മടങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് വെച്ച് നടത്താനിരുന്ന മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പിലൂടെയാണ് ശനിയാഴ്ച വൈകിട്ട് 6.30ന് മുസ്‌ലിം സംഘടനാ നേതാക്കളുമായി ശ്രീധരന്‍പിള്ള കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തും എന്നറിയിച്ചത്.

എന്നാല്‍ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം കൂടിക്കാഴ്ച്ച ജനുവരി 30 ലേക്ക് മാറ്റിയെന്നാണ് ഗവര്‍ണറുടെ ഓഫീസ് നല്‍കുന്ന പുതിയ വിശദീകരണം.

അതേസമയം മറ്റൊരു പരിപാടിയില്‍ മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ ശ്രീധരന്‍പിള്ളയെ കാണുകയും നിവേദനം നല്‍കുകയും ചെയ്തു. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 80 ശതമാനവും മുസ്‌ലിം വിഭാഗത്തിനാണ് ലഭിക്കുന്നതെന്ന ക്രിസ്ത്യന്‍ നേതാക്കളുടെ പരാതി സംബന്ധിച്ച യാഥാര്‍ഥ്യം വ്യക്തമാക്കുന്ന കത്താണ് ശ്രീധരന്‍പിള്ളക്ക് നല്‍കിയതെന്നാണ് ഹുസൈന്‍ മടവൂര്‍ പറഞ്ഞത്.

നേരത്തെ ക്രിസ്ത്യന്‍ സഭകള്‍ക്കിടയിലെ തര്‍ക്കം തീര്‍ക്കുന്നതിനായി ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Meetings with religious leaders should not be politicized’; P.S Sreedharan Pillai explains that the meeting with the leaders of the Muslim organizations was canceled