മന്ത്രി ഗഡ്ക്കരിയുമായുള്ള കൂടിക്കാഴ്ച്ച ഫലപ്രദം; ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 5580 കോടി: പി.എ. മുഹമ്മദ് റിയാസ്
Kerala News
മന്ത്രി ഗഡ്ക്കരിയുമായുള്ള കൂടിക്കാഴ്ച്ച ഫലപ്രദം; ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 5580 കോടി: പി.എ. മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2024, 4:32 pm

ന്യൂദല്‍ഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച്ച ഫലപ്രദമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ റോഡ് വികസനത്തിന്റെ നിലവിലെ പുരോഗതിയും 20 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള മറ്റ് പദ്ധതികളും നിതിന്‍ ഗഡ്ക്കരിയോട് ചര്‍ച്ച ചെയ്തതായി മന്ത്രി പറഞ്ഞു.

 

ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ മുഹമ്മദ് റിയാസും കൂടിക്കാഴ്ച്ച നടത്തിയത്.

2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രിയുമായും നിതിന്‍ ഗഡ്ക്കരിയുമായും നടത്തിയ ചര്‍ച്ചയില്‍ ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് വിലയിരുത്തിയിരുന്നു.

ഭൂമി ഏറ്റെടുക്കലിന് സ്വഭാവികമായും പണം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണ് പണം നല്‍കേണ്ടതെന്നും എന്നാല്‍ ഇവിടെ ആ പണം ലഭിക്കാത്തതിനാല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തി അത് ഭൂമി ഏറ്റെടുക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. 5580 കോടി രൂപയാണ് സംസ്ഥാനം അതിനായി ചെലവഴിച്ചത്.

നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ നാഷണല്‍ അതോറിറ്റി ഇന്ത്യയുടേയും സര്‍ക്കാരിന്റേയും ഭാഗമായുള്ള ടീം ഒരോ ജില്ലയിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പോയി പരിശോധിക്കുയായിരുന്നു.

കേരളത്തിലുടനീളമുള്ള റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ചെങ്ങലയില്‍ നിന്ന് നീലേശ്വരത്തേക്കുള്ള പ്രവര്‍ത്തികള്‍ 58 ശതമാനവും നീലേശ്വരം മുതല്‍ തളിപ്പറമ്പ് വരെ 50 ശതമാനവും തളിപ്പറമ്പ് മുതല്‍ മുഴുപ്പിലങ്ങാടി വരെ 58 ശതമാനവും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.

അഴിയൂര്‍ മുതല്‍ വെങ്ങളം വരെ 45 ശതമാനം, വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 76 ശതമാനം, തുറവൂര്‍ മുതല്‍ പറവൂര്‍ വരെ 27 ശതമാനം, കൊല്ലം ബൈപ്പാസ് തലപ്പാടി മുതല്‍ ചങ്ങള വരെ 74 ശതമാനം വരെ എന്നിങ്ങനെയാണ് കണക്കുകള്‍. കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് മലപ്പുറം ജില്ലയിലാണന്നും മന്ത്രി പറഞ്ഞു.

2025 മെയ് ഓടെ ഏകദേശം പണികളെല്ലാം പൂര്‍ത്തികരിക്കാന്‍ ആകുമെന്നും ബാക്കിയുള്ളവ ഡിസംബറോടെ പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു. ‘മുടങ്ങിക്കിടക്കുന്ന പദ്ധതി ഇന്നത്തെ കൂടിക്കാഴ്ച്ചയോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ഇതില്‍ നാഷണല്‍ അതോറിറ്റി ഓഫ് ഇന്ത്യയും കേരള സര്‍ക്കാരും ഒരുമിച്ച് നിന്നെടുത്ത പരിശ്രമത്തിന്റെ ഫലമാണിത്.

ഇന്ത്യയില്‍ തന്നെ ഗതാഗതക്കുരുക്കും ജനസാന്ദ്രതയും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ ഗതാഗത സംബന്ധമായ ഇത്തരം പ്രശ്‌നങ്ങള്‍ 2045 വരെയെങ്കിലും കേരളത്തിലെ ജനങ്ങളെ ബാധിക്കാത്ത തരത്തിലാണ് നിലവിലെ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവെ 966 ന്റെ പ്രവര്‍ത്തനവും പരിശോധിച്ച് വരുകയാണ്,’ മന്ത്രി പറഞ്ഞു.

Content Highlight: Meeting with central transport minister Nitin Gadkari was very effective says P.A.Muhammad Riyas