| Saturday, 30th November 2019, 10:40 am

വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ബി.ജെ.പി എം.പിയുമായി അജിത് പവാറിന്റെ കൂടിക്കാഴ്ച; വിശദീകരണവുമായി പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങവേ എന്‍.സി.പി നേതാവ് അജിത് പവാര്‍ ബി.ജെ.പിയുമായി എം.പിയുമായി കൂടിക്കാഴ്ച നടത്തി.

ബി.ജെ.പി എം.പി പ്രതാപ റാവു ചിക്കാലിക്കറുമായാണ് അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഇത് ഒരു സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം.

‘ഞങ്ങള്‍ രണ്ട് പാര്‍ട്ടികളില്‍ നിന്നുള്ളവരാണെങ്കില്‍ കൂടി ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരസ്പരം ബന്ധമുണ്ട്. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സഞ്ജയ് റാവത്ത് പറഞ്ഞതുപോലെ ഞങ്ങള്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചിരിക്കും’- അജിത് പവാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടുന്നത്.
വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

പ്രോ ടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.

മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി വ്യാഴാഴ്ചയാണ് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. മനോഹര്‍ ജോഷി, നാരായണ റാണെ എന്നിവര്‍ക്ക് ശേഷം ഈ പദം അലങ്കരിക്കുന്ന മൂന്നാമത്തെ ശിവസേന നേതാവാണ് ഉദ്ധവ്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more