തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയം ചര്‍ച്ച ചെയ്യാനായി മുസ്‌ലിം ലീഗ് വിളിച്ചു ചേര്‍ത്ത സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് ചേരും. മുന്നാക്ക സംവരണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സംഘടനകളുടെ സംയുക്ത യോഗത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംവരണ സമുദായങ്ങളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നത്.
അതേസമയം മുസ്‌ലിം സംഘടനകളുമായി ചേര്‍ന്ന് ഒരു സമരം ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് എസ്.എന്‍.ഡി.പി യോഗം വ്യക്തമാക്കിയത്. സംയുക്ത പ്രക്ഷോഭം സംബന്ധിച്ച് മുസ്‌ലിം സംഘടനാ നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാതൃഭൂമിയോട് പ്രതികരിച്ചത്.
‘വിവിധ മുസ്‌ലിം സംഘടനകള്‍ യോഗം ചേരുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിവാഹപ്രായം കൂട്ടുന്നതിലും മുസ്‌ലിം സംഘടനകള്‍ക്ക് എതിര്‍പ്പുള്ളതറിഞ്ഞു. അത് എസ്.എന്‍.ഡി.പി യോഗത്തിന്റെ അജണ്ടയിലില്ലാത്ത കാര്യമാണ്,’ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പൊതുമെറിറ്റിലെ അമ്പതു ശതമാനത്തില്‍ നിന്നാണ് മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതെങ്കില്‍ എതിര്‍പ്പില്ലെന്നും മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘനകള്‍ ആകെയുള്ളതില്‍ നിന്ന് പത്ത് ശതമാനം സംവരണമാണ് നടപ്പാക്കുന്നതെന്നാണ് വാദിക്കുന്നതെന്നും ഇതില്‍ വ്യക്തത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.