| Thursday, 21st March 2024, 8:17 am

ഇടത് പക്ഷത്ത് തന്നെ തുടരും, കൂടിക്കാഴ്ച വ്യക്തിപരം; ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ വിശദീകരണവുമായി എസ്. രാജേന്ദ്രൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദൽഹിയിൽ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ വിശദീകരണവുമായി സി.പി.ഐ.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നും താൻ സി.പി.ഐ.എമ്മിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“ബി.ജെ.പിയിലേക്ക് നേരത്തെ ക്ഷണമുണ്ടായിരുന്നു. എന്നാൽ പാർട്ടി വിടാൻ താത്പര്യമില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കും. പാർട്ടിക്കകത്ത് ചില പ്രശ്നങ്ങളുണ്ട്. അതൊക്കെ നേതാക്കൾ ഇടപെട്ട് പരിഹരിക്കും. പാർട്ടിക്ക് ബുദ്ധിമുട്ടാകാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യും,” എസ്. രാജേന്ദ്രൻ പറഞ്ഞു.

കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രകാശ് ജാവദേക്കറും പ്രതികരിച്ചിരുന്നു. ബി.ജെ.പിയിലേക്ക് വരുന്നത് ചർച്ച ആയില്ലെന്നും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ചർച്ച ആയതെന്നും അദ്ദേഹം പറഞ്ഞു.

ദേവികുളത്തെ മുൻ സി.പി.ഐ.എം എം.എൽ.എ ആയിരുന്ന എസ്. രാജേന്ദ്രൻ ബുധനാഴ്ചയാണ് ദൽഹിയിലെത്തി ബി.ജെ.പിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്തകളൊക്കെ അദ്ദേഹം നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി എസ്. രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്.
എസ്. രാജേന്ദ്രൻ സി.പി.ഐ.എമ്മിലെ അംഗത്വം പുതുക്കാത്തത് വലിയ വാർത്ത ആയിരുന്നു. അന്ന് മുതൽ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു.

എന്നാൽ ഈ വാർത്തകളൊക്കെ തള്ളിക്കൊണ്ട് അടുത്തിടെ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ എസ്. രാജേന്ദ്രൻ പങ്കെടുത്തിരുന്നു. അംഗത്വം പുതുക്കുമെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു.

Content Highlight: meeting is personal; S. Rajendran explained meeting with prakash Javadekar

We use cookies to give you the best possible experience. Learn more